Site iconSite icon Janayugom Online

ഒറ്റരാത്രി കൊണ്ട് പിറന്ന സ്വര്‍ണക്കപ്പ്

സംസ്ഥാന സ്കൂൾ കായികമേളയില്‍ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കുള്ള 117.5 പവന്റെ സ്വര്‍ണക്കപ്പ് രൂപകല്പന തയ്യാറാക്കിയത് ഒറ്റരാത്രി കൊണ്ട്.
തിരുവനന്തപുരം കരമന കിള്ളിപ്പാലം സ്വദേശിയായ അഖിലേഷ് അശോകനാണ് കപ്പ് ഡിസൈൻ ചെയ്തത്. അഖിലേഷ് 10 വർഷമായി ഗ്രാഫിക് ഡിസൈനറാണ്. സ്വർണക്കപ്പ് ഡിസൈൻ സമർപ്പിക്കേണ്ട അവസാന തീയതിയുടെയുടെ തൊട്ടുതലേദിവസം മാത്രമാണ് അഖിലേഷ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതു സംബന്ധിച്ച അറിയിപ്പ് കണ്ടത്. ഒളിമ്പിക്സ് ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മത്സരം തുടങ്ങുന്നത് അറിയിക്കുന്നതിന്റെ കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ദീപശിഖയും കപ്പിന്റെ ഭാഗമായി. 

14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് മാതൃകയിലുള്ള 14 വളയങ്ങൾ, 14 ആനകൾ, ഇൻക്ലൂസീവ് സ്പോർട്സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന 14 കായിക ഇനങ്ങൾ, സംസ്ഥാന സ്കൂൾ കായികമേളയുടെ സ്ഥിരം ലോഗോ, തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ ‘കേരള സ്കൂൾ കായികമേള’ എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് എന്നും ആലേഖനം ചെയ്തതോടെ വെട്ടിത്തിളങ്ങുന്ന സ്വർണ മഞ്ഞനിറത്തിൽ കപ്പ് റെഡി. മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്. 22 കാരറ്റ് ബിഐഎസ് 916 ഹാൾമാർക്ക് ചെയ്ത സ്വർണത്തിലാണ് 4.37 കിലോഗ്രാം ഭാരമുള്ള കപ്പിന്റെ നിർമ്മാണം. ഡിസൈൻ ലഭിച്ചശേഷം മലബാർ ഗോൾഡുകാർ അഖിലേഷുമായി ചർച്ച ചെയ്തും കപ്പിന്റെ ത്രിമാന ചിത്രം അയച്ചു നൽകി സംശയദൂരീകരണം വരുത്തിയ ശേഷമായിരുന്നു നിർമ്മാണം. 

“കേരളീയ സാംസ്കാരികതയുടെ മുദ്ര കപ്പിൽ വേണമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് ‘വിജയകാഹളം’ എന്ന വാക്ക് തലയിലേക്ക് വന്നത്. അതിന്റെ ചുവട് പിടിച്ച് കാഹളം മുഴക്കുന്ന കൊമ്പ് ഡിസൈൻ ചെയ്തതോടെ ആവേശമായി. അങ്ങിനെ ഒറ്റ രാത്രിയിൽ ഡിസൈൻ പൂർത്തിയായി, “അഖിലേഷ് പറഞ്ഞു. ഇപ്പോൾ കൈറ്റ് വിക്ടേഴ്സിലാണ് അഖിലേഷ് ജോലി ചെയ്യുന്നത്. 

Exit mobile version