Site iconSite icon Janayugom Online

സ്വർണത്തിന് തീവില‌; വ്യാപാരം മന്ദീഭവിച്ചു

അന്താരാഷ്ട്ര സ്വർണ വിലയിൽ ഉണ്ടായ കുതിപ്പും ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ചയെയും തുടർന്ന് സ്വർണത്തിന് തീവില. കേരളത്തിൽ ഇന്നലെ വൈകീട്ടത്തോടെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 98400 രൂപ എന്ന റെക്കോ‍ഡിലേക്ക് എത്തി. ഒരും ഗ്രാം സ്വർണത്തിന് 12300 രൂപയായി. അന്താരാഷ്ട്ര സ്വർണ വില ഇന്നലെ ഉച്ചയ്ക്ക് 4294 ഡോളറായിരുന്നത് വൈകീട്ടത്തോടെ 4333 ഡോളറായി ഉയർന്നു. നിലവിൽ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 90.35 ആണ്. കഴിഞ്ഞ ഒക്ടോബർ 17ന് സ്വർണ വില ഗ്രാമിന് 12170 രൂപയിൽ എത്തിയതാണ് മുമ്പത്തെ റെക്കോർഡ്. രൂപ കൂടുതൽ ദുർബലമാകുന്നതാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കുതിച്ച് ഉയരുന്നതിന് കാരണം. എന്നാൽ സ്വർണ വിലയിലുണ്ടായ മുന്നേറ്റം വ്യാപാരത്തെ മന്ദീഭവിപ്പിച്ചതായി സ്വർണ വ്യാപാരികൾ പറഞ്ഞു. 

അന്താരാഷ്ട്ര വില 100 ഡോളർ കൂടി ഉയർന്നാൽ ഗ്രാമിന് വില 12500 രൂപയായി ഉയർന്നേക്കുമെന്ന് ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൾ നാസർ ജനയുഗത്തോട് പറഞ്ഞു. സ്വർണത്തിനൊപ്പം അന്താരാഷ്ട്ര വെള്ളി വിലയിലും കുതിപ്പ് തുടരുകയാണ്. വെള്ളി വില ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് 200 രൂപ മറികടക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ 63.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 15 ഡോളറിന്റെ വൻ കുതിപ്പാണ് വെള്ളി വിലയിൽ രേഖപ്പെടുത്തിയത്. 

Exit mobile version