Site iconSite icon Janayugom Online

സ്വർണ വില കൈയെത്താ ദൂരത്തേക്ക്

സാധാരണക്കാരന് കിട്ടാക്കനിയായി സ്വർണം. രാജ്യാന്തര വിലയ്ക്കൊപ്പം കുതിപ്പ് തുടർന്ന് കേരളത്തിലെ സ്വർണ വില.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി വർധിച്ച് 7,300 രൂപയിലെത്തി. പവന് 160 രൂപ ഉയര്‍ന്ന് 58,400 രൂപയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. അന്താരാഷ്ട്ര വിലയിലെ കുതിച്ചു ചാട്ടത്തെ തുടർന്ന് കേരളത്തിലെ സ്വർണ വില ദിനം പ്രതി റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഈ മാസത്തെ താഴ്ന്ന നിലവാരം 56,200 രൂപയായിരുന്നു. ഇവിടെ നിന്ന് 2,200 രൂപയോളമാണ് വർധനവുണ്ടായത്. സ്വർണം രാജ്യാന്തര വിപണിയിൽ 2,731 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്‌ടി എന്നിവ കൂടി ചേർക്കുമ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് 66,000 രൂപയോളം ചെലവ് വരും. പവന് 58,400 രൂപ വരുമ്പോൾ 10 ശതമാനം പണിക്കൂലി മാത്രം 5,840 രൂപ വരും. ഹാൾമാർക്ക് ചാർജും 18 ശതമാനം ജിഎസ്‌ടിയും കൂടി ചേർത്താൽ 5,893 രൂപ. ഇതിന് മുകളിൽ മൂന്ന് ശതമാനം ജിഎസ്‌ടിയായ 1,929 രൂപയും ചേർത്താൽ ആകെ ഒരു പവന് ഏകദേശം 66,222 രൂപ ചെലവാകും. 

പശ്ചിമേഷ്യയിൽ യുദ്ധം ശക്തമാകുമെന്ന സൂചനകളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനവുമെല്ലാം സ്വർണ വില കുതിക്കാനുള്ള കാരണങ്ങളാണെന്ന് വ്യാപാരികൾ പറയുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില 2,800 ഡോളറിലേക്ക് കുതിക്കാനുള്ള സാഹചര്യവും നിലവിലുള്ളതിനാൽ കേരളത്തിൽ വില പുതിയ ഉയരങ്ങൾ താണ്ടുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്. 

Exit mobile version