Site iconSite icon Janayugom Online

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; 720 രൂപ കൂടി

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 54,000 കടന്നു. ഇന്ന് 720 രൂപയാണ് വര്‍ധിച്ചത്. 54,360 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 90 രൂപ കൂടി. 6795 രൂപയാണ് ഒരു ഗ്രാമിന്റെ വില.
കഴിഞ്ഞദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞത് തിങ്കളാഴ്ച തിരിച്ചുകയറിയിരുന്നു. പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോഡ് 53,760 പഴങ്കഥയാക്കി സ്വര്‍ണവില കുതിച്ചു. 

കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച്‌ 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഇതിനിടെ ശനിയാഴ്ച മാത്രമാണ് നേരിയ ഇടിവ് നേരിട്ടത്.
പശ്ചിമേഷ്യയിലെ യുദ്ധ സമാന സാഹചര്യമാണ് സ്വർണവിലയിലെ വർധനവിന് കാരണം. ഇസ്രയേലില്‍ ഇറാൻ നടത്തിയ ആക്രമണം കാര്യങ്ങൾ കൂടുതല്‍ വഷളാക്കി. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ക്രൂഡ് ഓയിൽ വിലയിലും കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറയ്ക്കാനിടയുണ്ട് എന്ന സൂചനയും വിലവർധനവിന് കാരണമായി. 

ഫെഡ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പെടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽക്കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനയ്ക്കുള്ള കാരണമാവുന്നുണ്ട്. രാജ്യാന്തര സ്വർണവില ഔണ്‍സിന് 2,387 ഡോളറാണ്. രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലായതും സ്വർണവിലയെ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Gold prices at record highs; 720 more Rs
You may also like this video

Exit mobile version