Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത്; പ്രതിപക്ഷം ആരോപണങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു

പാതിവെന്ത ആരോപണങ്ങളുമായി നിയമസഭയിലെത്തിയ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. തങ്ങളുടെ അടുക്കളയില്‍ വേവിച്ചതല്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത്, സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ ആരോപണങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയ അടിയന്തരപ്രമേയത്തില്‍ അധികനേരം പിടിച്ചുനില്‍ക്കാനാകാതെ ഇന്നലെ പ്രതിപക്ഷം പെടാപ്പാട് പെടുകയായിരുന്നു. സഭയുടെ ആദ്യ ദിനത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടും അതിനുമുതിരാതെ മുങ്ങിയ കോണ്‍ഗ്രസിന് ഇന്നലെ അടിയന്തരപ്രമേയം അവതരിപ്പിച്ചിട്ടും രക്ഷയുണ്ടായില്ല. വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളുടെ മേല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്നത് നിസഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമെ പ്രതിപക്ഷ നേതാവിനും സംഘത്തിനും കഴിഞ്ഞുള്ളൂ.

സ്വപ്നാ സുരേഷിന്റെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നില്ലെന്നായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറമ്പിലിന്റെ പ്രധാന ചോദ്യം. നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഇത് വിവാദമാക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. സ്വപ്നാ സുരേഷിന്റെ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ തയാറായത് സര്‍ക്കാരിന്റെ ഭീതി നിറഞ്ഞ നടപടികളാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന, സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയുടെ വാക്കുകള്‍ വേദവാക്യങ്ങളായി കാണുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും ഭരണപക്ഷ അംഗങ്ങളുടെയും മറുപടിയോടെ അടിയന്തര പ്രമേയത്തിന്റെ മുനയൊടിയുന്ന കാഴ്ചയാണ് സഭയില്‍ പിന്നീട് കണ്ടത്. 

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അവതരിപ്പിക്കാന്‍ അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നതുപോലെയായിരുന്നു പ്രതിപക്ഷത്തിനുവേണ്ടി മാത്യു കുഴല്‍നാടന്‍, എന്‍ ഷംസുദ്ദീന്‍, കെ കെ രമ, മോന്‍സ് ജോസഫ് എന്നിവര്‍ നടത്തിയ ദുര്‍ബലമായ പ്രസംഗങ്ങള്‍. ചീറ്റിപ്പോയ ആരോപണങ്ങള്‍ വീണ്ടുമവതരിപ്പിച്ചുകൊണ്ട്, മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള പലവിധ ആവശ്യങ്ങളായിരുന്നു ഷാഫി പറമ്പില്‍ മുതല്‍ ഒടുവില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ മുന്നോട്ടുവച്ചത്. വി ജോയിയും പി ബാലചന്ദ്രനും സെബാസ്റ്റ്യന്‍ കുളത്തുങ്കലും എ എന്‍ ഷംസീറും തോമസ് കെ തോമസും കെ ബി ഗണേഷ് കുമാറും മാത്യു ടി തോമസും കെ ടി ജലീലും ആരോപണങ്ങളെല്ലാം പൊളിച്ചടുക്കുകയും ബിജെപി-യുഡിഎഫ് ബന്ധം തുറന്നുകാട്ടുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും ഇത് അവസാനിപ്പിച്ചാല്‍ മതിയെന്ന മനോനിലയിലായി പ്രതിപക്ഷം.

സിആർപിസി 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ വഴി ശ്രമം നടത്തിയെന്ന ആരോപണത്തിന് എന്ത് വസ്തുതകളുടെ പിന്‍ബലമാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൊഴിയിലുണ്ടെന്ന് പറയപ്പെടുന്നവ തിരുത്തിയാൽ മാത്രം തീരുന്നതാണോ സ്വർണക്കള്ളക്കടത്ത് പോലൊരു കേസെന്നും പിൻബലമുള്ള തെളിവുകൾ ഉണ്ടെങ്കിൽ മൊഴി മാറ്റിയാൽ തീരുമോയെന്നുമുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപക്ഷത്തുനിന്നും യാതൊരു മറുപടിയുമുണ്ടായില്ല. ഓരോ ദിവസവും ഓരോ രീതിയിൽ മജിസ്ട്രേറ്റിനു മുമ്പാകെ പോയി മാറ്റിമാറ്റി പറയാൻ കഴിയുന്ന ഒന്നാണോ ഈ വകുപ്പ് പ്രകാരം നൽകുന്ന രഹസ്യമൊഴിയെന്നും മുഖ്യമന്ത്രി ചോദിച്ചു. സഭയിൽ ഗൗരവമുള്ള കാര്യം ചർച്ചചെയ്യുമ്പോൾ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്ലില്ലാത്തത് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നാലുമണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടിക്കും ശേഷം അടിയന്തരപ്രമേയം വോട്ടിനിട്ട് തള്ളി.

Eng­lish Sum­ma­ry: Gold smuggling;opposition alle­ga­tions failed
You may also like this video

Exit mobile version