Site icon Janayugom Online

ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന് സുവര്‍ണ ചകോരം

28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരത്തിന് അര്‍ഹമായി. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലിക്കോവിനാണ്. ഉസ്‌ബെക്കിസ്ഥാൻ സംവിധായകനായ ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് സണ്‍ഡേ.

മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിന് ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മലയാള ത്തിലെ മികച്ച നവാഗത സംവിധാനത്തിനുള്ള ഫിപ്രസി പുരസ്കാരം സ്വന്തമാക്കി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ — കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തിരഞ്ഞെടുക്കപ്പെട്ടു. മി​ഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകല്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

Eng­lish Sum­ma­ry; Gold­en Globe for Evil Does Not Exist
You may also like this video

Exit mobile version