Site iconSite icon Janayugom Online

വളർത്തമ്മ മരിച്ചു, ചിതയ്ക്കരികിൽ നിന്നും വിട്ടുമാറാതെ നായ

kuttankuttan

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ അനിർവചനീയവും കണ്ണ് നനയിപ്പിക്കുന്നതുമായ കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കിളിമാനൂരിലുണ്ടായിരിക്കുന്നത്. വളർത്തമ്മ മരിച്ചിട്ടും ചിതയ്ക്കരികിൽ നിന്നും വിട്ടുമാറാതെ കാവലിരിക്കുകയാണ് അവരുടെ നായ. കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻകാവ് നഗർ ലക്ഷ്മി കൃപയിൽ ആർ നാരായണ കുറുപ്പിന്റെ ഭാര്യ രാജ മണി(70) കഴിഞ്ഞ 16നാണ് മരിച്ചത്. 

സംസ്കാരം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മടങ്ങിയിട്ടും കുട്ടൻ എന്ന വളര്‍ത്തുനായ മാത്രം വീട്ടിലേക്ക് മടങ്ങിയില്ല. ചിതയ്ക്കരികിൽ തന്നെ കിടന്നു. വളർത്തുനായയുടെ പ്രവൃത്തികൾ അയൽക്കാർക്കും ബന്ധുക്കൾക്കും നൊമ്പരക്കാഴ്ചയായി. രാജമ്മ ആശുപത്രിയിൽ കിടന്നപ്പോഴും കുട്ടൻ ആശുപത്രി മുറ്റം വരെ പല തവണ എത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് നായയെ തിരികെ വീട്ടിൽ എത്തിച്ചിരുന്നത്. രാജ മണി ആശുപത്രി കിടക്കയിലും നിരന്തരം കുട്ടനെ അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ ഡോക്ടർ തന്നെ കുട്ടനെ കൊണ്ടുവന്ന് കാണിക്കാൻ പറയുകയും അവർ അത് ചെയ്യുകയും ചെയ്തു.

രാജമ്മയെ അല്പനേരം കാണാതായാൽ വീടിന് ചുറ്റും ബഹളം വച്ച് ഓടുന്ന കുട്ടൻ അയൽവാസികൾക്കും അതിശയമായിരുന്നു. വളരെ ചെറിയ പ്രായത്തിലാണ് കുട്ടനെ രാജ മണിക്ക് കിട്ടിയത്. മരണം വരെ രാജമ്മ അവരുടെ കൈ കൊണ്ടാണ് കുട്ടന് ആഹാരം നൽകിയിരുന്നത്. കുട്ടനും അതായിരുന്നു ഇഷ്ടം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ അനിർവചനീയമായ ഒരു ഉദാഹരണമായിരുന്നു ഇവർ തമ്മിലുള്ള ബന്ധം. 

Eng­lish Sum­ma­ry: good exam­ple for man and dog love

You may also like this video

Exit mobile version