Site iconSite icon Janayugom Online

മാലിന്യത്തിന് വിട നല്‍കി ചെണ്ടുമല്ലി സുഗന്ധം; സൗന്ദര്യവത്കരണത്തിന് 50 ലക്ഷം അനുവദിക്കുമെന്ന് എംഎല്‍എ

FlowerFlower

മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടിയ പാറളം ഗ്രാമപഞ്ചായത്തിലെ പൂത്തറക്കല്‍ പാടം പാതയോരം പൂക്കളാല്‍ സമൃദ്ധമായി. ചെണ്ടുമല്ലി വിളവെടുപ്പ് സി സി മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂത്തറക്കല്‍ പാടം പാതയോരം സൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ചെണ്ടുമല്ലി സംരക്ഷണത്തിന് നേതൃത്വം നല്‍കിയ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിനിധീകരിച്ച് സൗമ്യ ഹരിഹരനെ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. 

അമ്മാടം ചേര്‍പ്പ് റോഡിലെ പൂത്തറക്കല്‍ പാടത്ത് വാര്‍ഡ് മെമ്പര്‍ ജെയിംസ് മുന്‍കൈയെടുത്താണ് ആയിരം ചെണ്ടുമല്ലികളും 250 വാടാര്‍മല്ലിയും നട്ടത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പരിചരണത്തിലാണ് പൂ കൃഷി നടത്തിയത്. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന ഈ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം പൂ കൃഷി ആരംഭിച്ചതില്‍ പിന്നെ ആരും തന്നെ മാലിന്യം ഇടാറില്ല. 

ചടങ്ങില്‍ പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി പോള്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി സത്യന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ആശാ മാത്യു, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പ്രമോദ്, വിദ്യ നന്ദന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തംഗം അനിത മണി, പഞ്ചായത്തംഗങ്ങളായ സ്മിനു മുകേഷ്, സുബിത സുഭാഷ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ജി വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version