Site icon Janayugom Online

ഗൂഗിളും ആപ്പിളും ആറുമാസത്തിനിടെ നീക്കിയത് എട്ടുലക്ഷത്തിലേറെ ആപ്പുകള്‍

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ആറുമാസത്തിനിടെ നീക്കം ചെയ്തത് എട്ടുലക്ഷത്തിലേറെ ആപ്പുകള്‍. സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ 8,13,000 ആപ്പുകള്‍ രണ്ട് സ്റ്റോറുകളില്‍ നിന്നും ഒഴിവാക്കിയതായി കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിക്സലേറ്റ് എന്ന കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നിലവില്‍ ലഭ്യമായ ആപ്പുകളുടെ 15 ശതമാനത്തോളം വരും. 

സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലും സ്റ്റോറുകളുടെ നയങ്ങള്‍ മറികടക്കുന്നതിനാലുമാണ് ഇവ നീക്കം ചെയ്തിട്ടുള്ളത്. കൂടാതെ ഡവലപ്പര്‍മാര്‍ പിന്‍വലിച്ചവയും ഈ കൂട്ടത്തില്‍പ്പെടും. 900 കോടി തവണ ഇവ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. 2.1 കോടി പേര്‍ ഈ ആപ്പുകള്‍ക്ക് റേറ്റിങ് നല്‍കിയിട്ടുമുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്നും നീക്കിയതില്‍ 89 ശതമാനം ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കിയതില്‍ 86 ശതമാനം ആപ്പുകളും 12 വയസില്‍ താഴെയുള്ള കുട്ടികളെ ലക്ഷ്യമിടുന്നവയാണ്. 

സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിലുള്ള പെര്‍മിഷന്‍ ആവശ്യപ്പെടുന്ന ആപ്പുകളാണ് നടപടിക്ക് വിധേയമായിട്ടുള്ളത്. 66 ശതമാനം ആപ്പുകളും ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും മാറ്റംവരുത്താനും കഴിയുന്ന തരത്തിലുള്ള റണ്‍ടൈം പെര്‍മിഷന്‍ ആവശ്യപ്പെട്ടതിലാണ് ഒഴിവാക്കപ്പെട്ടത്. 27 ശതമാനം ആപ്പുകള്‍ ജിപിഎസ് ഡാറ്റ ആവശ്യപ്പെട്ടതിനാലും 19 ശതമാനം ആപ്പുകള്‍ ക്യാമറ ആക്സസ് ആവശ്യപ്പെട്ടതിനാലും നീക്കം ചെയ്യപ്പെട്ടു. അതേസമയം സ്റ്റോറുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടാലും നിലവില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഫോണുകളില്‍ ഇവ തടസ്സം കൂടാതെ പ്രവര്‍ത്തിക്കും. ഇത് സുരക്ഷാ രംഗത്ത് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

ENGLISH SUMMARY:Google and Apple have removed more than eight mil­lion apps in six months
You may also like this video

Exit mobile version