Site iconSite icon Janayugom Online

ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) നല്‍കുന്ന മുന്നറിയിപ്പ്. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതര ഭീഷണിയുയർത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി ഹാക്കർമാർക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനാകും.

വിന്‍ഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ​ഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ​​ഗൂ​ഗിള്‍ ​ക്രോം. അതുകൊണ്ടു തന്നെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ സുരക്ഷാ വീഴ്ച ബാധിച്ചേക്കാം. അപകട സാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനും ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version