Site icon Janayugom Online

അഫ്ഗാന്‍ സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ ഗൂഗിള്‍ പൂട്ടി

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. സര്‍ക്കാരും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടുന്ന ഇമെയിലുകളാണ് ഗൂഗിള്‍ താല്ക്കാലികമായി പൂട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സൈന്യത്തെ സഹായിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ വിവരങ്ങള്‍ അടങ്ങിയ ബയോമെട്രിക് താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു. ശത്രുക്കളെ കണ്ടെത്താന്‍ താലിബാന്‍‍ ഈ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ഗൂഗിള്‍ തന്നെയാണ് അറിയിച്ചത്. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള താല്കാലിക നടപടിയാണിതെന്നും ഗൂഗിള്‍ അറിയിച്ചു. അഫ്​ഗാൻ സർക്കാരിന്റെ കീഴിൽ വരുന്ന നിരവധി സ്ഥാപനങ്ങൾ ഔ­ദ്യോഗിക ഇമെയിലുകൾ കൈകാര്യം ചെയ്യാൻ ഗൂഗി​ൾ സെർവറുകളാണ്​ ഉപയോഗിച്ചത്​. ധനകാര്യം, വ്യവസായം, ഉന്നതവിദ്യഭ്യാസം, ഖനനം തുടങ്ങിയ മന്ത്രാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം ചില മന്ത്രാലയങ്ങൾ മൈക്രോസോഫ്​റ്റിന്റെ ഇമെയിലുകളും ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് നിലപാട് വ്യക്തമാക്കിയിട്ടില്ല. 

ENGLISH SUMMARY:Google clos­es accounts of Afghan government
You may also like this video

Exit mobile version