Site iconSite icon Janayugom Online

ഇനി ഗൂഗിൾ എർത്തുവഴി വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ കുറിച്ചൊക്കെ നേരത്തെ അറിയാം; എങ്ങനെയെന്നോ?

എഐ രംഗത്ത് നിർണായക നീക്കവുമായി ഗൂഗിൾ. പ്രളയം, വരൾച്ച, കാലാവസ്ഥാ വ്യതിയാന ഭീഷണികൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകാനായി ഗൂഗിൾ എർത്തിൽ ജെമിനി എഐയെ സംയോജിപ്പിച്ചതാണ് പുതിയ മാറ്റം.
ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് വ്യക്തികളെയും ഗവേഷകരെയും സഹായിക്കുന്നു.

പുതിയ അപ്‌ഡേറ്റ് വഴി, ഗൂഗിൾ എർത്ത് ഇപ്പോൾ ജെമിനി എഐയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുക. ഇത് ഉപയോക്താക്കൾക്ക് വിവിധ പ്രദേശങ്ങളെ പുതിയ രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രളയം, വരൾച്ച തുടങ്ങിയ പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കാൻ ഗൂഗിൾ എർത്തിനെ ഇത് കൂടുതൽ മികച്ച ഉപകരണമാക്കി മാറ്റുന്നു. ഈ ടൂളുകൾ തുടക്കത്തിൽ യുഎസിലെ ഗൂഗിൾ എർത്ത് പ്രൊഫഷണൽ, പ്രൊഫഷണൽ അഡ്വാൻസ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും. മാത്രമല്ല ഗൂഗിൾ എഐ പ്രോ, അൾട്രാ വരിക്കാർക്ക് ഉയർന്ന പരിധികൾ ലഭിക്കും. 

മറ്റൊരു പ്രത്യേകത ഉപയോക്താക്കൾക്ക് അവർ കാണുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ഇതിലൂടെ സാധിക്കും. ഒരു നദി എവിടെയാണ് വറ്റിയതെന്നോ ഏതൊക്കെ പ്രദേശങ്ങളിലാണ് ചൂടോ ജലക്ഷാമമോ കൂടുന്നതെന്നോ തിരയാൻ ഇത് സഹായിക്കും. തടാകങ്ങളിലെ ആൽഗകളുടെ വളർച്ചയോ കൊടുങ്കാറ്റുകൾക്ക് ശേഷമുള്ള സസ്യങ്ങളുടെ കുറവോ പോലും കണ്ടെത്താൻ എഐക്ക് സാധിക്കുമെന്നതാണ് പ്രധാന കാര്യം. ഗൂഗിൾ ‘ജിയോസ്പേഷ്യൽ റീസണിംഗ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ മാറ്റത്തെ പല വിദഗ്‌ധരും ഒരു വലിയ മുന്നേറ്റമായാണ് കാണുന്നത്.

ചിത്രങ്ങൾ, ജനസംഖ്യ, പ്രകൃതി പരിസ്ഥിതി എന്നിവ പഠിക്കുന്ന എർത്ത് എഐ മോഡലുകളെ ഇത് വളരെയധികം സഹായിക്കും. വിശകലന വിദഗ്‌ധർക്കും പൊതുജനാരോഗ്യ വിഭാഗത്തിനും ഒക്കെ വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ നേരത്തെ പ്രവചിക്കാൻ ഇത് ഉപയോഗിക്കാം. കോളറ അല്ലെങ്കിൽ ഭക്ഷ്യക്ഷാമം വരാനിടയുള്ള ഒരു പ്രദേശം ദുരന്തം വരുന്നതിന് മുൻപ് തന്നെ തിരിച്ചറിയാനും ഇത് സഹായിക്കും.

Exit mobile version