Site iconSite icon Janayugom Online

അന്താരാഷ്ട്ര ഹാക്കിങ് സംഘത്തെ തകര്‍ത്തതായി ഗൂഗിള്‍; ലക്ഷ്യമിട്ടത് 42 രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ

വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സൈബറിടങ്ങലില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുന്ന അന്താരാഷ്ട്ര ഹാക്കിങ് സംഘത്തെ കണ്ടെത്തി തടഞ്ഞതായി ഗൂഗിള്‍. 42 രാജ്യങ്ങളിലെ ടെലികോം സ്ഥാപനങ്ങളെയും സർക്കാർ സംഘടനകളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന യുഎൻസി 2814, ഗാലിയം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാര ശൃംഖലയെ ഗൂഗിളിന്റെ സൈബർ സുരക്ഷ വിഭാഗമാണ് കണ്ടെത്തിയത്. ചൈനീസ് പിന്തുണയോടെയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ ചോർത്താനാണ് ഈ സംഘം ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള ആളുകളെയും സംഘടനകളെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന വലിയ നിരീക്ഷണ ഉപകരണമായിരുന്നു ഇതെന്ന് ഗൂഗിൾ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പിന്റെ ചീഫ് അനലിസ്റ്റ് ജോൺ ഹൾട്ട്ക്വിസ്റ്റ് പറഞ്ഞു. ഗ്രിഡ്‌ടൈഡ് എന്ന ബാക്ക്ഡോർ ഉപയോഗിച്ച് ഹാക്കർമാർ സിസ്റ്റങ്ങളിലെക്ക് രഹസ്യമായി പ്രവേശിക്കുകയും ഫയലുകൾ അപ്‌ലോഡും ഡൗൺലോഡും ചെയ്യാനും ഡാറ്റ മോഷ്ടിക്കാനും കഴിഞ്ഞതായും ഗൂഗിള്‍ പറഞ്ഞു. 

ഗൂഗിൾ ഷീറ്റ്സ് ഉപയോഗിച്ചാണ് ചാരവൃത്തികള്‍ ചെയ്തിരുന്നത്. വോട്ടർ ഐ.ഡി നമ്പറുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി എന്നിങ്ങനെ അതീവ സുരക്ഷയുളള വ്യക്തിഗത വിവരങ്ങളാണ് ഇവർ മോഷ്ടിച്ചത്. അവരുടെ ഗൂഗിൾ ക്ലൗഡ് ആക്സസ് തടയുകയും അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തതായി ഗൂഗിൾ അറിയിച്ചു. 2017 മുതൽ ഗാലിയം പ്രവര്‍ത്തിക്കുന്നുണ്ട്. സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ ഉപയോഗിച്ച് ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് ചൈനീസ് എംബസി വക്താവ് ലിയു പെങ്‌യു സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പറ‌ഞ്ഞു.

Exit mobile version