Site iconSite icon Janayugom Online

ഗൂഗിളിന് തിരിച്ചടി; പിഴയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

പ്രമുഖ ടെക്‌നോളജി കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തിയ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) യുടെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. 1338 കോടിയുടെ പിഴയാണ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിനെതിരെ ചുമത്തിയത്. കമ്മിഷന്‍ ഉത്തരവ് പാലിക്കാന്‍ ഗൂഗിളിന് അനുവദിച്ച സമയം കോടതി ഒരാഴ്ച കൂടി നീട്ടിനല്‍കി. വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ചു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഗൂഗിളിന് പിഴ ചുമത്തിയത്.

ഇതിനെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. പിഴത്തുകയുടെ 10 ശതമാനം ഉടന്‍ കെട്ടിവയ്ക്കണമെന്ന ഉത്തരവിനും സ്റ്റേയില്ല. ഗൂഗിളിന്റെ അപ്പീല്‍ മാര്‍ച്ച്‌ 31നകം തീര്‍പ്പാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനോട് കോടതി നിര്‍ദേശിച്ചു. ഒക്ടോബറിലാണ് ഗൂഗിളിനെതിരെ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ 97 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ച്‌ അനാരോഗ്യകരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ നേതൃത്വം നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.

Eng­lish Sum­ma­ry: Google; Supreme Court said will not inter­fere with the fine
You may also like this video

Exit mobile version