Site iconSite icon Janayugom Online

വാർത്താ ലേഖനങ്ങൾ എഴുതാൻ എഐ സാങ്കേതിക വിദ്യയുമായി ഗൂഗിള്‍

മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഗൂഗിള്‍. വാർത്താ ലേഖനങ്ങൾ എഴുതുന്നതിൽ മാധ്യമപ്രവര്‍ത്തരെയും പ്രസിദ്ധീകരണങ്ങളെയും സഹായിക്കുകയാണ് ജെനസിസ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യമെന്നും ന്യൂയോര്‍ക്ക് ടെെംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവർത്തകർക്കുള്ള സ്വകാര്യ സഹായിയായി ജെനസിസിനെ അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം. തത്സമയ വിവരങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ വാർത്താ ലേഖനങ്ങൾ നിർമ്മിക്കുന്നതാണ് ജെനസിസിന്റെ പ്രധാന സവിശേഷതകളിലൊന്നായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ജെനസിസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേർണല്‍ എന്നീ മാധ്യമസ്ഥാപനങ്ങളുമായുള്ള ഗൂഗിളിന്റെ ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ലേഖനങ്ങൾ എഴുതുന്നതിലും വസ്തുതാ പരിശോധനയിലും മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെ മാറ്റിസ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ജെനസിസെന്ന് ഗൂഗിൾ വക്താവ് ജെൻ ക്രൈഡർ പ്രസ്താവനയിൽ പറഞ്ഞു. സാംസ്കാരിക ധാരണയും ആവശ്യമുള്ള വിഷയങ്ങളിൽ പത്രപ്രവർത്തകരും വാർത്താ ഓർഗനൈസേഷനുകളും എഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താൽ, അത് ഉപകരണത്തിന്റെ മാത്രമല്ല, ഉപയോഗിക്കുന്ന വാർത്താ ഓർഗനൈസേഷനുകളുടെയും വിശ്വാസ്യതയെ നശിപ്പിക്കുമെന്ന് ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിലെ ജേണലിസം വിഭാഗ മേധാവി ജെഫ് ജാർവിസ് പറഞ്ഞു.
അതേസമയം, ഗൂഗിളിന്റെ പുതിയ സംവിധാനം മാധ്യമ തൊഴില്‍ മേഖലയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ലോകമെമ്പാടുമുള്ള മാധ്യമസ്ഥാപനങ്ങളില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ടൈംസ്, എൻ‌പി‌ആർ, ഇൻ‌സൈഡർ എന്നിവയുൾപ്പെടെ സ്ഥാപനങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതായി ജീവനക്കാരെ അറിയിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള ചില വാർത്താ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് വരുമാന റിപ്പോര്‍ട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കാൻ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചിരുന്നു.

eng­lish summary;Google with AI tech­nol­o­gy to write news articles
you may also like this video;

Exit mobile version