Site iconSite icon Janayugom Online

ഗൂഗിളിന്റെ എഐ രഹസ്യങ്ങൾ ചൈനീസ് കമ്പനികൾക്ക് ചോർത്തി; മുൻ എഞ്ചിനീയർ കുറ്റക്കാരനാണെന്ന് യുഎസ് കോടതി

ചൈനീസ് കമ്പനികൾക്കായി ഗൂഗിളിന്റെ നിർണ്ണായകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രഹസ്യങ്ങൾ ചോർത്തിയ മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ലിൻവെ ഡിംഗ് കുറ്റക്കാരനാണെന്ന് അമേരിക്കൻ ഫെഡറൽ ജൂറി വിധിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ നടന്ന 11 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് 38കാരനായ ഡിംഗിനെതിരെയുള്ള 14 കുറ്റങ്ങളും ശരിവെച്ചത്. ഏഴ് സാമ്പത്തിക ചാരവൃത്തി കേസുകളിലും ഏഴ് വ്യാപാര രഹസ്യ മോഷണ കേസുകളിലുമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2019ൽ ഗൂഗിളിൽ ചേർന്ന ഡിംഗ്, എഐ മോഡലുകളെ പരിശീലിപ്പിക്കാനുപയോഗിക്കുന്ന സൂപ്പർ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ചോർത്തിയത്. ഗൂഗിളിൽ ജോലി ചെയ്യുമ്പോൾ തന്നെ രണ്ട് ചൈനീസ് ടെക് കമ്പനികൾക്കായി ഇയാൾ രഹസ്യമായി പ്രവർത്തിച്ചിരുന്നതായും സ്വന്തമായി ഒരു എഐ സ്റ്റാർട്ടപ്പ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂഷൻ തെളിയിച്ചു. ഏകദേശം 2,000ത്തിലധികം പേജുകൾ വരുന്ന അതീവ രഹസ്യ രേഖകൾ ഇയാൾ തന്റെ വ്യക്തിഗത ക്ലൗഡ് അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. ഓരോ ചാരവൃത്തി കുറ്റത്തിനും 15 വർഷം വരെയും ഓരോ മോഷണ കുറ്റത്തിനും 10 വർഷം വരെയും തടവ് ശിക്ഷ ലഭിക്കാം. ഫെബ്രുവരി 3ന് കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ശിക്ഷാ വിധി സംബന്ധിച്ച കൂടുതൽ നടപടികളുണ്ടാകും.

Exit mobile version