Site iconSite icon Janayugom Online

യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഹബ്ബ് ഇന്ത്യയിൽ; 10 ബില്യൺ ഡോളർ നിക്ഷേപം

യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ് ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഏകദേശം 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി) മുതൽ മുടക്കിലാണ് ഭീമൻ ഡാറ്റാ സെന്ററും എഐ ബേസും ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. വിശാഖപട്ടണത്തെ ഈ എഐ ഹബ്ബിൽ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വലിയ തോതിലുള്ള ഊർജ്ജ സ്രോതസ്സുകൾ, വികസിപ്പിച്ച ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നിവ ഒരുക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ ഔപചാരിക കരാറിൽ ഒപ്പുവെച്ചു.

ഇതൊരു ചരിത്ര നിമിഷമാണെന്നും, യുഎസിന് പുറത്ത് ഗൂഗിൾ സ്ഥാപിക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബായിരിക്കും ഇതെന്നും തോമസ് കുര്യൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗൂഗിളിന്റെ ഈ ഭീമൻ നിക്ഷേപം ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ടെക് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നായി ഇത് മാറും. ഇന്ത്യയുടെ വർധിച്ചുവരുന്ന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ഗൂഗിളിന്റെ ആഗോള എഐ ഇൻഫ്രാസ്ട്രക്ചറിലെ നിർണായക നോഡായും ഈ ഹബ്ബ് പ്രവർത്തിക്കും. ഇന്ത്യൻ ടെക് വിപണിയിൽ മൈക്രോസോഫ്റ്റും ആമസോണും ഇതിനകം കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഓപ്പൺഎഐയും ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഓഫീസ് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ചാറ്റ്ജിപിടി ഉപയോഗം നാലിരട്ടിയായി വർധിച്ചതായി ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version