Site iconSite icon Janayugom Online

പതിവ് തെറ്റിക്കാതെ ഇത്തവണയും നോമ്പുതുറ വിഭവങ്ങളുമായി ഗോപാലകൃഷ്ണൻ നായർ എത്തി

വിശുദ്ധ റമാദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്കായി പതിവ് തെറ്റിക്കാതെ ഇത്തവണയും നോമ്പുതുറ വിഭവങ്ങളുമായി മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ എത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരമത്തൂർ ജുമാ മസ്ജിദിൽ 27-ാം വർഷമാണ് മാന്നാർ കു​ര​ട്ടി​ക്കാ​ട് തി​രു​വ​ഞ്ചേ​രി​ൽ പു​ണ​ർ​ത​ത്തി​ൽ ടി ​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻ കറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗ്ഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ നായർ ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തവണ പുണ്യം നിറഞ്ഞ റംസാനിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇരമത്തൂർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹ​മ്മ​ദ് അ​ജി​ത്, സെക്രട്ടറി ഷി​ജാ​ർ ന​സീ​ർ, വൈസ് പ്രസിഡന്റ് ഷാ​ജി, ഖജാൻജി അബ്ദുൽ സമദ്, കമ്മിറ്റി അംഗങ്ങളായ ഷാ​ജി ചിയംപറമ്പിൽ, നിസാം, റഹീം, സലാം തു​ട​ങ്ങി​യ​വ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ സ്വീകരിച്ചു.

മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് മാന്നാർ ശാഖയിൽ 43 വർഷം ഡെ​യ്​​ലി ഡെ​പ്പോ​സി​റ്റ് ക​ല​ക്ഷ​ൻ ഏ​ജ​ന്റായിരുന്ന ഗോപാലകൃഷ്ണൻ രണ്ട്‌ വ​ർ​ഷം മു​മ്പ് വി​ര​മി​ച്ച​ശേ​ഷം സാ​മൂ​ഹി​ക-​സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. സരസ്വതിയമ്മയാണ് ഭാര്യ. മ​ക്ക​ൾ: ഡോ ​ടി ​ജി ഗോ​പ​കു​മാ​ർ (കാ​ൺ​പു​ർ ഐ​ഐ​ടി പ്ര​ഫ​സ​ർ), ശ്യാം ​ജി നാ​യ​ർ (ഫാ​ഷ​ൻ ഡി​സൈ​ന​ർ, ഡ​ൽ​ഹി), ഡോ ​ധ​ന്യ ജി.നാ​യ​ർ ( പോ​സ്റ്റ്​ ഡോ​ക്ട​റ​ൽ ഫെലോ, ചിലി).

Exit mobile version