Site iconSite icon Janayugom Online

ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല; സമാധി സ്ഥലത്തെത്തിയതിൽ ദുരൂഹത

ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നാണ് ഫോറൻസിക് നിലപാട് . ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി. 

സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വീട്ടുവളപ്പില്‍ മതാചാര പ്രകാരം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയിൽ കണ്ടത് ഗോപൻസ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികൾ വ്യക്തമാക്കി. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കൾ മൊഴി നൽകിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയിൽ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികൾ പറയുന്നു. തിരുവനന്തപുരം സബ്കലക്ടർ ഒ വി ആല്‍ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. 

സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതുള്‍പ്പെടെ നടപടി ക്രമങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സബ് കലക്ടര്‍ ഒ വി അല്‍ഫ്രഡ് പറഞ്ഞു. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു. അവശനിലയിൽ കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി. അവിടെ വെച്ച് മരിച്ചുവെന്ന മക്കളുടെ മൊഴിയിൽ ഇനിയും ദുരൂഹതയുണ്ട്. അതിനുമപ്പറും എന്തായിരിക്കും മരണകാരണമെന്നതാണ് ഇനി അറിയേണ്ടത്. സമാധിയിലെ പൂർണ്ണസത്യം ഇനിയും പുറത്ത് വരാനുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. 

Exit mobile version