ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കൊട്ടാരം വിട്ട് ഒളിവിൽ പോയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേർ മാലിദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവർ മാലിദ്വീപിലെത്തിയത്.
പ്രസിഡന്റില്‍ നിക്ഷിപ്തമായ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രയോഗിച്ചാണ് നടപടിയെന്നും സൈന്യം പറയുന്നു. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ഗോതബയ രാജ്യം വിട്ടത്. ആദ്യം മാലിദ്വീപിൽ ഗോതബയയുടെ വിമാനം ഇറങ്ങാന്‍ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്റ് സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാൻ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്. മാലിദ്വീപിലെത്തിയ ഗോതബയ അവിടെ നിന്ന് സിംഗപ്പൂരിലേക്കോ ദുബായിലേക്കോ കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, രാജപക്സെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം ശക്തമായി. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ വീടിനു സമീപം മാലിദ്വീപുകാരും ശ്രീലങ്കന്‍ സ്വദേശികളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ‘ഗോത ഗോ ഹോം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധകര്‍ രംഗത്തെത്തിയത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാൻ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ ഗോതബയയെയും ഭാര്യ ലോമ രാജപക്സെയേയും എമിഗ്രേഷൻ അധികൃതർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. വിമാനം ചാർട്ടർ ചെയ്ത് രാജ്യത്തെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മട്ടാലയിലേക്ക് കടക്കാൻ പദ്ധതിയിട്ടുവെങ്കിലും അവിടെ നിന്ന് രാജ്യാന്തര വിമാനങ്ങൾ ഇല്ലാത്തതിനാല്‍ ആ നീക്കവും പാളി. തുടർന്ന് കടൽ മാർഗം രക്ഷപ്പെടാൻ നാവിക സേനയുടെ സഹായം തേടിയിരുന്നു.
English Summary: Gotabaya Crosses to Maldives: Rumored to Go to Singapore
You may like this video also