Site icon Janayugom Online

പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം: കമ്മിറ്റി രൂപീകരിച്ചു

പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ശരിയായ രീതിയില്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിക്ക് രൂപം നല്‍കി. അഞ്ച് സെക്രട്ടറിമാര്‍ അടങ്ങുന്ന കമ്മിറ്റി ഈ വിഭാഗങ്ങളിലെ ഏറ്റവും ആവശ്യക്കാരായവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

പട്ടിക ജാതി വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്വീകരിക്കേണ്ട ഭരണ നടപടികള്‍ കമ്മിറ്റി പരിശോധിക്കും. ആഭ്യന്തരം, ഗോത്രവര്‍ഗം എന്നീ മന്ത്രാലയങ്ങളിലെയും പേഴ്സണല്‍ ആന്റ് ട്രെയിനിങ്, നിയമകാര്യം, സാമൂഹ്യ നീതി വകുപ്പുകളിലെയും സെക്രട്ടറിമാരാണ് കമ്മിറ്റിയില്‍ അംഗങ്ങളായി ഉണ്ടാകുക. ഈ മാസം 23ന് കമ്മിറ്റി ആദ്യ യോഗം ചേരും.

പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ ഉപവിഭാഗങ്ങള്‍ അനുവദിക്കാനാകുമോ എന്ന് സുപ്രീം കോടതിയിലെ ഏഴംഗ ഭരണഘടനാ ബെ‌ഞ്ച് പരിശോധിക്കാനിരിക്കെയാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിച്ച ശേഷമാകും ഉപവിഭാഗം രൂപീകരിക്കുക. കമ്മിറ്റിക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഡിഗാ വിഭാഗങ്ങള്‍ക്കുള്ളില്‍ ഉപവിഭാഗം കൊണ്ടുവരുന്നകാര്യം പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Eng­lish Summary;

Government benefit to Scheduled Castes: Committee formed

You may also like this video

Exit mobile version