പൊതുനന്മയ്ക്കായ്ക്കുള്ള പൊതുസ്വത്ത് (മെറ്റിരിയല്‍ റിസോഴ്സസ് ഓഫ് ദി കമ്മ്യൂണിറ്റി) പരിധിയിലാക്കി എല്ലാ സ്വകാര്യ വസ്തുക്കളും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വസ്തുക്കളെ പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്കുള്ള അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.
ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ പൊതുസ്വത്തും പൊതുനന്മയ്ക്കായി ഏറ്റെടുക്കാമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇതാണ് ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ബി വി നാഗരത്നയുടെ ഭിന്നനിലപാടോടെയാണ് സുപ്രധാന വിധി എന്നതും ശ്രദ്ധേയമാണ്. അര്‍ത്ഥവ്യാഖ്യാനത്തില്‍ ഒരേ ഗണത്തില്‍ വരുമെങ്കിലും എല്ലാ സ്വകാര്യ സ്വത്തും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി കരുതാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. അതേസമയം ചില സ്വകാര്യ സ്വത്തുക്കള്‍ 39(ബി) വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് ആക്ട് (മേഡ) നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി പറഞ്ഞത്. 1986ല്‍ കൊണ്ടുവന്ന ഭേദഗതി നിയമപ്രകാരം 70 ശതമാനം താമസക്കാരുടെ അനുമതിയുണ്ടെങ്കില്‍, മാസവാടകയുടെ 100 ഇരട്ടി നല്‍കി സ്വകാര്യ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്താനും പൊതുനന്മ ലക്ഷ്യമിട്ട് പുനര്‍വിതരണം ചെയ്യാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഇതാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. 1992ലാണ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് 2002ല്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പരമോന്നത കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസ് ഹൃഷികേഷ് റേയ്, ബ വി നാഗരത്ന, സുധാന്‍ഷു ദൂലിയ, ജെ ബി പാര്‍ഡിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, എസ് സി ശര്‍മ്മ, അഗസ്റ്റിന്‍ ജോസഫ് മാസിഹ് എന്നിവരാണ് ബെഞ്ചില്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ ഉണ്ടായിരുന്നത്. 1977ലെ രംഗനാഥ് റെഡ്ഡി കേസില്‍ ഭരണഘടനയുടെ അനുച്ഛേദം 39 (ബി ) അനുസരിച്ച് എല്ലാ സ്വത്തുക്കളും ഏറ്റെടുക്കാമെന്ന വിധി ചൂണ്ടിക്കാട്ടിയാണ് നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തിയത്. മുന്‍കാല വിധികളെ നിന്ദിക്കുന്നതോ റദ്ദ് ചെയ്യുന്നതോ ഉചിതമാണോ എന്നും അവര്‍ ചോദ്യമുയര്‍ത്തി.