Site icon Janayugom Online

ഗോതമ്പ് പൊടിയുടെ കയറ്റുമതിക്കും നിയന്ത്രണം

ഗോതമ്പ് പൊടി കയറ്റുമതി ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. രാജ്യത്ത് ഗോതമ്പ് പൊടിയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാണിജ്യകാര്യ ക്യാബിനറ്റ് സമിതി (സിസിഇഎ)യോഗത്തിലാണ് തീരുമാനം. ഗോതമ്പ് പൊടി കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിലൂടെ വിലക്കയറ്റമുണ്ടാകില്ലെന്ന് ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. റഷ്യയും ഉക്രെയ്‌നുമാണ് ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാര്‍. ആഗോള ഗോതമ്പ് വിപണിയുടെ നാലില്‍ ഒന്നും ഇരുരാജ്യങ്ങളില്‍ നിന്നുമാണ്. ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഗോതമ്പ് വിപണിയിലുണ്ടായ ഇടിവ് ഇന്ത്യന്‍ ഗോതമ്പിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മേയ് മാസത്തില്‍ രാജ്യത്തുനിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍— ജൂലൈ മാസം ഗോതമ്പ് പൊടിയുടെ കയറ്റുമതിയില്‍ 200 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Eng­lish Sumam­ry: Gov­ern­ment Decides To Put Restric­tions On Export Of Wheat Flour
You may also like this video

Exit mobile version