Site iconSite icon Janayugom Online

സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണം: ജോയിന്റ് കൗൺസിൽ

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാലവിളംബം കൂടാതെ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ചെയർമാൻ കെ ഷാനവാസ്‌ഖാൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് മെഡിസെപ് നടപ്പിലാക്കുന്നതിന് 2018 ൽ സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും റിലയൻസ് കമ്പനിയെ ഏല്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രീമിയത്തിന്റെ കാര്യത്തിലും ആശുപത്രി തിരെഞ്ഞെടുക്കുന്ന കാര്യത്തിലും ജീവനക്കാർക്ക് ആശവഹമല്ലാത്ത തീരുമാനങ്ങൾ കമ്പനി കൈക്കൊണ്ടത് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തുകയും സർക്കാർ പുതിയ ടെൻണ്ടർ വിളിക്കുകയും ചെയ്തിരുന്നു. 

2022 ജനുവരി മാസം മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ പദ്ധതി വൈകിപ്പിക്കാതെ ജീവനക്കാർ എത്രയും വേഗം അനുഭവവേദ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർച്ച് 28,29 തീയതികളിലായി നടക്കുന്ന ദ്വദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നിലപാടുകൾക്ക് എതിരെയുള്ള പോരാട്ടങ്ങളിൽ ജീവനക്കാരും തൊഴിലാളികളും അണിനിരക്കണമെന്നും സ്വതന്ത്രമാധ്യമ പ്രവർത്തനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ തടയണമെന്നും ലോകജനതയെആകെ ദുരിതത്തിലേക്ക് തള്ളിവിടുന്ന രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്നും കൺവെൻഷൻ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. 

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ജി ആർ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ പി ഹരീന്ദ്രനാഥ്, എം എം നജീം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വേണു, വി കെ മധു, വി ബാലകൃഷ്ണൻ, ജില്ലാ നേതാക്കളായ ആർ സരിത, ദേവികൃഷ്ണ എസ്, അജികുമാർ, ഡി ബിജിന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സുരകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ എസ് സജീവ് സ്വാഗതവും, സതീഷ് കണ്ടല നന്ദിയും പറഞ്ഞു. 

Eng­lish Summary:Government employ­ees’ health insur­ance scheme should be imple­ment­ed immediately
You may also like this video

Exit mobile version