സൈനികരുടെ ക്ഷേമം മുൻനിർത്തിയുള്ള നപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 122 ഇൻഫൻട്രി ബറ്റാലിയൻ (ടിഎ) മദ്രാസ് ഇന്ത്യൻ ആർമിയുടെ ഭാഗമായ വെസ്റ്റ്ഹില്ലിലെ മദ്രാസ് റെജിമെന്റ് സന്ദർശനത്തിനും ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റ് വാർ മെമ്മോറിയലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനും ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈനികരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരാതിക്കിടയില്ലാത്ത വിധം പരിഹരിക്കണം എന്നതാണ് സർക്കാർ നിലപാട്. സൈനിക സേവനത്തിനിടക്ക് അപകടമോ ജീവഹാനിയോ സംഭവിച്ചാൽ അത്തരം ഘട്ടത്തിൽ സർക്കാർ തലത്തിൽ സഹായം നൽകുന്നുണ്ട്. പരാതിക്കിടയില്ലാത്ത വിധം അത് നിർവ്വഹിക്കുന്നുമുണ്ട്. വീടില്ലാത്തവർക്ക് വീട്, ജോലിയില്ലാത്ത ആശ്രിതർക്ക് ജോലി തുടങ്ങിയ കാര്യങ്ങളാണ് ജവാൻമാർക്കു വേണ്ടി സംസ്ഥാന സർക്കാർ നിലവിൽ നിർവ്വഹിച്ചു പോരുന്നത്. ഇനിയും ഏതെങ്കിലും വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെങ്കിൽ സൈനികക്ഷേമ ബോർഡിന്റെ ഉത്തരവാദപ്പെട്ടവരുമായി തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
122 ഇൻഫൻട്രി ബറ്റാലിയൻ അംഗങ്ങൾ 45 ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച ആരാധനാലയമായ ‘സർവ്വധർമ്മസ്ഥലം’ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കോഴിക്കോട് മിലിട്ടറി സ്റ്റേഷനിൽ മതേതര ആശയം പൂർണ്ണമായി ഉൾക്കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച ആരാധനാലയം രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ഡി നവീൻ ബൻജിറ്റ് സ്വാഗതം പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല യൂണിറ്റിനുള്ള ബഹുമതിപത്രം മുഖ്യമന്ത്രിയിൽ നിന്നും കമാൻഡിങ് ഓഫീസർ കേണൽ ഡി നവീൻ ബൻജിറ്റ്, സുബേദാർ പി അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച നായിക് അനിൽകുമാർ, ഹവീൽദാർ വിജയൻ എന്നിവർക്ക് മുഖ്യമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു. അനിൽകുമാറിന്റെ ഭാര്യ അനിതയുമായും വിജയന്റെ ഭാര്യ പത്മിനിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി. സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ജവാൻമാരുടെ ഒപ്പമുള്ള ഫോട്ടോ സെഷനും ശേഷമായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്. 122 ഇൻഫൻട്രി ബറ്റാലിയൻ കണ്ണൂരിൽ നിന്നും കോഴിക്കോട് മിലിട്ടറി സ്റ്റേഷനിൽ വന്നതിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്. മുഖ്യമന്ത്രിയെ ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ഡി നവീൻ ബൻജിറ്റ്, ബറ്റാലിയൻ സുബേദാർ മേജർ പി അശോകൻ, സെക്കന്റ് ഇൻ കമാൻഡ് എസ് വിശ്വനാഥൻ, മേജർ പവൻ കുമാർ യാദവ്, ക്യാപ്റ്റൻ അൻകിത് ത്യാഗി എന്നിവരുടെ സംഘം സ്വീകരിച്ചു.
English Summary: Government is committed to take measures for the welfare of soldiers: Chief Minister Pinarayi Vijayan
You may also like this video