ബംഗാളിലെ സ്‌കൂള്‍ യൂണിഫോമുകളില്‍ സര്‍ക്കാര്‍ ലോഗോ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നു. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എഐഎസ്എഫ്) ന്റെ ബംഗാള്‍ സംസ്ഥാന ഘടകം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീബസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ മാസം അവസാനം കേസ് പരിഗണിച്ചേക്കും.
‘ബിശ്വ ബംഗ്ലാ’ എന്ന വാക്കും അതിന്റെ ലോഗോയും പൊതുവെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഔദ്യോഗിക പേപ്പര്‍ വര്‍ക്കുകളിലും, സംസ്ഥാന പരിപാടികളുടെ വേദികളിലും പരസ്യ സാമഗ്രികളിലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഉപയോഗിക്കുന്നതിന് പുറമേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിലും ലോഗോ നിര്‍ബന്ധമാക്കുന്നത് ഭരണകൂട അധികാരത്തിന്റെ നിര്‍ബന്ധിതവും അനാവശ്യവുമായ പ്രയോഗമായാണ് വിലയിരുത്തുന്നത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തോടുള്ള കൂറ് സൂക്ഷ്മമായി ആവശ്യപ്പെടുന്നതും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയിലേക്കതിന്റെ സ്വാധീനം നീട്ടുന്നതുമാണ് ഈ നടപടിയുടെ മറ്റൊരു മുഖമെന്ന് എഴുത്തുകാരനും ഗാനരചയിതാവുമായ ചന്ദ്രില്‍ ഭട്ടാചാര്യ പ്രതികരിച്ചു. ഒരു വിഭാഗത്തെ ഏകീകൃതമാക്കാനും അവയില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത നിറമോ ലോഗോയോ നിര്‍ബന്ധിതമാക്കാനുമുള്ള ശ്രമങ്ങള്‍ വിധേയത്വത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാരണവുമില്ലാതെ തന്റെ സ്‌കൂള്‍ യൂണിഫോം മാറുന്നത് കാണുമ്പോള്‍ ഖേദമുണ്ടെന്ന് സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡെബാലിന ചക്രവര്‍ത്തി പറഞ്ഞു. പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സുമിത് ചക്രവര്‍ത്തിയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് പരിഹാസ്യവും അര്‍ത്ഥശൂന്യവുമാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക പബിത്ര സര്‍ക്കാര്‍ പ്രതികരിച്ചു.
മമത ബാനര്‍ജി അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ ജീവനക്കാരുടെ നിയമനത്തില്‍ ദയനീയമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം നീങ്ങുന്നത്. അടുത്തിടെ നടന്ന നിയമനങ്ങളില്‍ വന്‍തോതിലുള്ള അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കല്‍ക്കട്ട ഹൈക്കോടതി മൂന്ന് വ്യത്യസ്ത സിബിഐ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുകയും നൂറുകണക്കിന് അനധികൃത നിയമനങ്ങള്‍ റദ്ദാക്കുകയും ചെയ്തതും ചൂണ്ടിക്കാണിച്ചായിരുന്നു പബിത്ര സര്‍ക്കാരിന്റെ പ്രതികരണം.
English summary; Government logo on school uniforms; AISF filed a public interest petition
You may also like this video;