Site iconSite icon Janayugom Online

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒപി ബഹിഷ്‌കരിക്കുന്നതോടൊപ്പം അടിന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സ നടപടികളും നടത്തില്ലെന്നാണ് തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക അനാവശ്യമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക എന്നിവയാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. 

സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ധര്‍ണ്ണയും സത്യാഗ്രഹവും നടക്കും. രാവിലെ പത്ത് മണിക്ക് ധര്‍ണ്ണ ആരംഭിക്കും. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടികൾ ഇല്ലാത്തതിനാലാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിത കാലത്തേക്ക് അധ്യാപന ബഹിഷ്‌കരണം നടത്തുന്നതിനൊപ്പം അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്‌കരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അനിശ്ചിത കാലത്തേക്ക് അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ ജോലികള്‍ ബഹിഷ്‌കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.

Exit mobile version