Site icon Janayugom Online

സുരക്ഷിത ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ പദ്ധതി; അത്യാധുനിക യാനങ്ങൾ നീണ്ടകരയിൽ ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സുരക്ഷിത ആഴക്കടൽ മത്സ്യബന്ധന രീതികളിൽ‌ പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നൽകുന്ന പത്ത് മത്സ്യബന്ധനയാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് വൈകിട്ട് മൂന്നിന് കൊല്ലം നീണ്ടകരയിൽ വിതരണം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള യാനങ്ങൾ കൊച്ചിൻ ഷിപ്‌യാർഡാണ് നിർമ്മിച്ചത്. ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുക. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായ യന്ത്രവൽക്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണച്ചെലവ്, വല, ഇൻഷുറൻസ്, കടൽ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ബോട്ടിന് 1.77 കോടി രൂപയാണ് ചെലവ്. എട്ടുപേർക്ക് വിശ്രമിക്കാനുള്ള ബെർത്തുകൾ, ശീതീകരണ സംഭരണ മുറി, അടുക്കള, ടോയ്‌ലെറ്റ്, ജിപിഎസ്, മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താനുള്ള സംവിധാനം എന്നിവയെല്ലാം ഈ യാനങ്ങളുടെ പ്രത്യേകതയാണ്. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ അഞ്ച് ഗ്രൂപ്പുകൾക്കാണ് ആഴക്കടൽ യാനങ്ങൾ നൽകുന്നത്. കൊല്ലം ജില്ലയിൽ പീറ്റർ ആന്റണി ഗ്രൂപ്പ് ലീഡറായ നീണ്ടകര ഫിഷർമെൻ ഡെവലപ്പ്മെന്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മുതാക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് മുതലപ്പൊഴി സംഘത്തിലെ ഒരു ഗ്രൂപ്പിനെയും (താഴംപള്ളി ഗ്രൂപ്പ്), മലപ്പുറം ജില്ലയിൽ നിന്ന് താനൂർ ടൗൺ തേവർ കടപ്പുറം തീരദേശ സംഘം, ചീരാൻ കടപ്പുറം സംഘത്തിലെ ഓരോ ഗ്രൂപ്പിനെയുമാണ് തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയിലൂടെ നടപ്പാക്കുന്ന യാനങ്ങളുടെ വിതരണത്തിന്റെ മാർഗനിർദേശ പ്രകാരം യൂണിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. ഇതിൽ 40 ശതമാനം സർക്കാർ സബ്സിഡിയും 60 ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. എന്നാൽ ഗുണഭോക്തൃ ഗ്രൂപ്പുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ച് വർധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എൻജിൻ കാര്യക്ഷമത, തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയതിനാൽ ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയർന്നു.

Eng­lish summary:Government Plan for Safe Deep Sea Fishing
you may also like this video:

Exit mobile version