സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനിടെ മൊബൈല്‍ നമ്പറുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള പുതിയ പ്ലാറ്റ്ഫോം നടപ്പാക്കുന്നതിനുള്ള സാധ്യത തേടി കേന്ദ്രം. മൊബൈല്‍ നമ്പര്‍ വാലിഡേഷന്‍ (എംഎന്‍വി) പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനുള്ള കരട് ഭേദഗതികള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പുറത്തിറക്കി. 30 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ് കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കരട് നിയമം അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്ക്, ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകള്‍ പോലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്കുമാണ് പോര്‍ട്ടല്‍ ഉപയോഗിച്ച് ഫോണ്‍ നമ്പരുകളുടെ ആധികാരികത ഉറപ്പാക്കാന്‍ കഴിയുക. രാജ്യത്ത് 116 കോടിയിലധികം മൊബൈല്‍ കണക്ഷനുകളുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണിത്. അതുകൊണ്ട് മൊബൈല്‍ തട്ടിപ്പിന് കൂടുതല്‍ സാധ്യതയുണ്ട്. ലൈസന്‍സുള്ള ടെലികോം ഓപ്പറേറ്റര്‍മാരെ കൂടാതെ ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന ഏതൊരു ബിസിനസിനെയും ടെലികമ്മ്യൂണിക്കേഷന്‍ ഐഡന്റിഫയര്‍ യൂസര്‍ എന്റിറ്റികളാക്കി സര്‍ക്കാര്‍ മാറ്റുന്നതാണ് നിര്‍ദ്ദിഷ്ട നിയമം. ലൈസന്‍സോ, അംഗീകൃത സ്ഥാപനമോ അല്ലാത്ത വ്യക്തികള്‍ക്ക് തങ്ങളുടെ ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും സാധനങ്ങള്‍ വിതരണം നടത്തുന്നതിനും ടെലികമ്മ്യൂണിക്കേഷന്‍ ഐഡന്റിഫയറുകള്‍ ഉപയോഗിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
മോഷ്ടിച്ചതോ, നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനാലാണ് പുതിയ നീക്കമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഇന്റര്‍നെറ്റ് ഫിഷിങ്ങിനും ഡിജിറ്റല്‍ അറസ്റ്റിനും സൈബര്‍ തട്ടിപ്പുകാര്‍ ഇവ ഉപയോഗിക്കുന്നുണ്ട്. 2022നും 2024നും ഇടയില്‍ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പും അനുബന്ധ കുറ്റകൃത്യങ്ങളുടെയും എണ്ണം മൂന്നിരിട്ടി വര്‍ധിച്ചെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭയില്‍ വെച്ച കണക്ക് പറയുന്നു. ഈ കാലയളവില്‍ നഷ്ടപ്പെട്ട തുക 21 മടങ്ങ് വര്‍ധിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുതിയ സംവിധാന പ്രകാരമുള്ള സേവനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായിരിക്കും. അതേസമയം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നമ്പരുകളുടെ സാധൂകരണത്തിനുള്ള ഒരു അഭ്യര്‍ത്ഥനയ്ക്ക് ഒന്നര രൂപയും സ്വമേധയാ അഭ്യര്‍ത്ഥന നടത്തുന്ന സ്വകാര്യ കമ്പനികള്‍ ഒരു തവണത്തേക്ക് മൂന്ന് രൂപയും നല്‍കണം എന്നാണ് കരടില്‍ പറയുന്നത്. ഉപയോക്താക്കളുട നമ്പരുകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അധികാരം നല്‍കുന്ന സൈബര്‍ സുരക്ഷാ നിയമങ്ങളും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

