Site iconSite icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി സന്ദേശം അയച്ചെന്ന ഹർജിക്കുള്ള മറുപടി സത്യവാങ്ങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്നും സർക്കാർ വ്യക്തമാക്കി.ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി.ഹർജിക്കാർ ഉന്നയിച്ച ആക്ഷേപങ്ങൾക്കുള്ള വിശദമായ മറുപടിയാണ് സത്യവാങ്ങ്മൂലമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

സ്പാർക്കിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലന്ന് സർക്കാർ വ്യക്തമാക്കി. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്ക് സാങ്കേതിക തെളിവുകളുടെയോ രേഖകളുടെയോ പിൻബലമില്ല.ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശം അയച്ച നടപടിയിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ല. നിയമവിരുദ്ധമായി വിവരങ്ങള്‍ ശേഖരിച്ചെന്ന വാദം വസ്തുതാ വിരുദ്ധമാണ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശം അയച്ചത് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ജീവനക്കാര്‍ക്ക് സന്ദേശമയച്ചത് ഭരണനിര്‍വഹണത്തിന്റെ ഭാഗമാണെന്നും ജീവനക്കാര്‍ക്ക് സർക്കാർ നല്‍കുന്ന സേവന പ്രയോജനം അറിയിക്കുക മാത്രമാണ് ചെയ്തത്.

ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വാട്സാപ്പ് സന്ദേശത്തിലൂടെ തീരുമാനം അറിയിച്ചത് ജീവനക്കാരെ പ്രചോദിപ്പിക്കാനാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ചെയ്തത്. ഇത് സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടിയാണ്.മാത്രമല്ല സന്ദേശങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരിലല്ല സന്ദേശം അയച്ചത്. രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആക്ഷേപം ഹര്‍ജിക്കാരുടെ അനുമാനം മാത്രമാണ്. മാത്രമല്ല സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലാത്ത സമയത്താണ് സന്ദേശം അയച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

Exit mobile version