Site iconSite icon Janayugom Online

വിശപ്പകറ്റാന്‍ കൈത്താങ്ങ്; ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാര്‍

കേരളത്തിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. ഭക്ഷണം അധികം ഉണ്ടാക്കുന്നതും പാഴാകുവാന്‍ സാധ്യതയുള്ളതുമായ മേഖല കണ്ടെത്തി അവരില്‍ നിന്ന് ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സഹായത്തോടു കൂടിയാണ് സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

 

ഭക്ഷണം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ദാതാവായും ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സ്വീകര്‍ത്താവായും ഇവ വിതരണം ചെയ്യുന്നതിനോ മറ്റ് സഹായം ചെയ്യുന്നതിനോ തയ്യാറുള്ളവര്‍ക്ക് സന്നദ്ധര്‍ ആയും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവരെ കൂട്ടിയിണക്കുന്ന കണ്ണിയായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രവര്‍ത്തിക്കും. നിലവില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന നിരവധി സാമൂഹ്യ സംഘടനകളും സന്നദ്ധ സംഘടനകളുമുണ്ട്. അവരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിജയമാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.

അധികം വരുന്ന ഭക്ഷണം നല്‍കുകയല്ല, നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നല്‍കുക എന്നതാണ് വിഭാവനം ചെയ്യുന്നത്. അതിനാല്‍ ഹോട്ടലുകളിലും കല്യാണങ്ങളുടെയും മറ്റ് സല്‍ക്കാരങ്ങളുടെയും ഭാഗമായും ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും പങ്ക് പദ്ധതിയിലേക്ക് നല്‍കാം. സന്നദ്ധ സംഘടനകള്‍ക്കോ സാമൂഹ്യ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ, ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഹനമോ സേവനമോ നല്‍കിയും പങ്കാളികളാകാം. ഭക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ഭക്ഷണം സ്വീകരിക്കാം. പാചകം ചെയ്ത ഭക്ഷണം മാത്രമല്ല ഭക്ഷ്യ ഉല്പാദക സ്ഥാപനങ്ങളില്‍ അധികമുള്ള ഉപയോഗയോഗ്യമായ ഭക്ഷണവും വാഹനങ്ങളില്‍ ശേഖരിച്ച് സംഭരിച്ച് വിതരണം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

Eng­lish Summary:Government to deliv­er food to the needy
You may also like this video

Exit mobile version