Site icon Janayugom Online

കേരള പിറവി ദിനത്തിൽ സർക്കാർ ഓൺലൈൻ ടാക്സി സർവീസ് തുടങ്ങും; തൊഴിൽ വകുപ്പ് പണം മുടക്കും

കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം കേരള പിറവി ദിനത്തിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത് .
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐ.റ്റി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ യോഗം വിളിച്ചു ചേർത്തു.

ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും. ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അഡ്വാൻസ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും.

നിലവിലെ കോവിഡ് സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്. പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. ലേബർ കമ്മിഷണറേയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി.

ENGLISH SUMMARY:Government to launch online taxi service
You may also like this video

Exit mobile version