Site iconSite icon Janayugom Online

ദുര്‍മന്ത്രവാദം തടയാൻ നിയമം കൊണ്ടുവരും: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയുടെ പശ്ചാത്തലത്തില്‍ ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി യുക്തിവാദി സംഘം നല്‍കിയ പൊതുതാല്പര്യ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നിയമനിര്‍മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടിയിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഇതിനായുള്ള ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ദുരാചാരങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യക്തമാക്കിയാണ് യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: gov­ern­ment will intro­duce a law to pre­vent witchcraft
You may also like this video

Exit mobile version