ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍മാര്‍ എല്ലാ വൃദ്ധമന്ദിരങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം. വര്‍ഷത്തില്‍ ഒരു തവണ എങ്കിലും നിര്‍ബന്ധമായും നേരിട്ട് പരിശോധന നടത്തണം. ഇതിനായി ഇന്‍സ്പെക്ഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും ഇത് സംബന്ധിച്ച് സാമൂഹ്യ നീതി ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
ജില്ലകളിലെ വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ത്രൈമാസ റിപ്പോര്‍ട്ട് ഈ മാസം 30നകം ലഭ്യമാക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്ഥല സൗകര്യം ഒരുക്കണമെന്നാണ് നിഷ്കർഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫിസർ മന്ദിരം സന്ദർശിച്ച് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം.
സംസ്ഥാനത്ത് വയോജന മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും വൃദ്ധ സദനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ നിര്‍ദ്ദേശം. വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുവാനും വിവിധ പദ്ധതികൾ സംബന്ധിച്ച് വയോജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
English summary; Government with measures to ensure welfare of the elderly
you may also like this video;