Site iconSite icon Janayugom Online

ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്തം: സുപ്രീം കോടതി

മണിപ്പൂരിലെ ക്രമസമാധാന പാലനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സുപ്രീം കോടതി. ഇത് കോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കു മുന്നിലുള്ള കേസുകളും നടപടി ക്രമങ്ങളും അക്രമം വര്‍ധിപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റരുത്. അഭിഭാഷകര്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് എതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. മണിപ്പൂരിലെ തല്‍സ്ഥിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. പ്രശ്‌നപരിഹാരത്തിനുള്ള ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട കേസിലെ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കരസേനയെ നിയോഗിച്ച് കുക്കി വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന മണിപ്പൂര്‍ ട്രൈബല്‍ ഫോറം ഡല്‍ഹി സമര്‍പ്പിച്ച ഹര്‍ജിയും മണിപ്പൂര്‍ അസംബ്ലി ഹില്‍ ഏരിയ കമ്മിറ്റിയുടെ അപേക്ഷയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. അതേസമയം സംഘര്‍ഷത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം ഇന്നലെ സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാങ്പോപ്പി-ഇംഫാല്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. 

Eng­lish Summary:Government’s respon­si­bil­i­ty to main­tain law and order: Supreme Court
You may also like this video

Exit mobile version