ഗവർണറുടെ ഓഫിസിന്റെ അറിയിപ്പ് പ്രകാരം എത്തിയ രണ്ട് മാധ്യമസംഘത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു. മീഡിയ വണ്‍, കൈരളി എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ പരസ്യമായി ആക്ഷേപിച്ച് ഇറക്കിവിട്ടത്.മീഡിയ വണ്ണും കൈരളി ചാനലും വന്നിട്ടുണ്ടെങ്കില്‍ താൻ സംസാരിക്കാതെ പോകുമെന്ന് പറഞ്ഞ് തുടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ട് ചാനലുകളെയും കേഡർ മാധ്യമങ്ങളെന്ന് വിശേഷിപ്പിച്ച്, ‘ഗെറ്റ് ഔട്ട് ഫ്രം ഹിയർ…’ എന്ന് ആക്രോശിക്കുകയായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു വാർത്താസമ്മേളനം വിളിച്ചത്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് രണ്ട് ചാനലുകളും തനിക്കെതിരെ നിരന്തരം ക്യാമ്പയിൻ നടത്തുന്നുവെന്ന് ഗവർണര്‍ ആരോപിച്ചു. ഈ നിലപാട് അസഹിഷ്ണുതയല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു മറുപടി.
വാർത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് മീഡിയ വണ്ണും കൈരളിയും മെയിൽ വഴി രാജ്ഭവനിലേക്ക് കത്ത് നൽകിയിരുന്നു. ‘നോട്ടഡ്’ എന്ന മറുപടി ആദ്യം ലഭിച്ചു. തുടർന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് ലഭിച്ചു. ഇതുപ്രകാരം വാര്‍ത്താസമ്മേളനം നടക്കുന്ന ഗസ്റ്റ് ഹൗസിനുള്ളിലേക്ക് രണ്ട് ചാനലുകളെയും വിളിച്ചുവരുത്തി മറ്റുള്ളവരുടെ മുന്നില്‍വച്ച് ആക്ഷേപിച്ച് പുറത്താക്കുകയായിരുന്നു. ഇവരെ ക്ഷണിച്ചതിൽ രാജ്ഭവന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി ഗവർണര്‍ പറഞ്ഞു.
ധൈര്യമുള്ളവർ മാർച്ച് നടത്തട്ടെയെന്ന് ഗവർണർ
കൊച്ചി: സർക്കാരിനെയും ഇടതുമുന്നണിയെയും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെതിരെയാണ് പ്രകോപനം. പാർട്ടിക്കാര്‍ ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാം. ധൈര്യമുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെ. താനും ധര്‍ണ നടക്കുന്നിടത്തേക്ക് വരാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. വിസിമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
English Summary:Governor aganist Kairali and Mediaone channel
You may also like this video