പഞ്ചാബില്‍ ഭരണപ്രതിസന്ധിയൊഴിഞ്ഞു. ഒരു ദിവസത്തെ നിയമസഭാ സമ്മേളനം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് അംഗീകരിച്ചു. നാളെ നിയമസഭയുടെ മൂന്നാം സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അനുമതി പഞ്ചാബ് ഗവർണർ നൽകിയതായി സ്പീക്കർ കുൽതാർ സിങ് സാന്ധവനാണ് ട്വീറ്റിലൂടെ അറിയിച്ചത്. ഈ വിഷയത്തിൽ ആംആദ്മി പാർട്ടിയും ഗവർണറും തമ്മിലുള്ള പോരിന് ഇതോടെ അന്ത്യമായി. വൈക്കോൽ കത്തിക്കൽ, ചരക്ക് സേവന നികുതി, വൈദ്യുതി വിതരണം എന്നിവ സമ്മേളനത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളിൽ ഉൾപ്പെടുന്നതായി സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന്റെ കാര്യക്രമം പുരോഹിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഭാ കാര്യങ്ങളുടെ പട്ടിക ഗവർണർക്ക് നൽകാൻ വ്യവസ്ഥയില്ലെന്നാണ് എഎപി വ്യക്തമാക്കിയത്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച എഎപി, ലക്ഷ്മണ രേഖ കടക്കരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു. സഭയിൽ വിശ്വാസവോട്ട് തേടാൻ 22ന് പ്രത്യേക സമ്മേളനം വിളിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ നിരസിച്ചതോടെയാണ് പോര് മുറുകിയത്. തുടർന്ന് ഗവര്‍ണറുടെ നടപടിക്കെതിരെ എഎപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
English summary; Governor gives in: Assembly session tomorrow in Punjab
You may also like this video;