Site iconSite icon Janayugom Online

നിയമസഭ പാസാക്കിയ ബില്ലിന്മേല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: മന്ത്രി കെ രാജന്‍

നിയമനിര്‍മ്മാണ സഭ പാസാക്കിയ ബില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചാല്‍ ആ ബില്ലിന്മേല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ ഭരണഘടനാപരമായ ഒരു അധികാരവും ഗവര്‍ണര്‍ക്ക് ഇല്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. 

ബില്ലിലെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംശയം ചോദിച്ചാല്‍ മറുപടി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ ഇവിടെ ഗവര്‍ണര്‍ സ്വന്തം നിലയില്‍ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല. ചില സംഘടനകള്‍ നല്‍കിയ പരാതികള്‍ സര്‍ക്കാരിലേക്ക് അയക്കുക മാത്രമാണ് ചെയ്തത്. സാധാരണ നിലയില്‍ ഒരു പരാതി ലഭിച്ചാല്‍ അത് സര്‍ക്കാരിന്റെ പരിഗണനക്കായി നല്‍കാറുണ്ട്. അത് പരാതി എന്ന അര്‍ത്ഥത്തില്‍ ഫയലില്‍ സ്വീകരിക്കാറുമുണ്ട്. ഗവര്‍ണറും നിയമസഭയും തമ്മിലുള്ള നടപടികളാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. ജനപ്രതിനിധികള്‍ അടങ്ങുന്ന നിയമസഭ ഒരു ബില്‍ പാസാക്കിയാല്‍ സര്‍ക്കാരിന് അതില്‍ നിയന്ത്രണങ്ങളില്ല. അത് നിയമസഭയുടെ സ്വത്തായി. ആ ബില്ല് പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍ക്ക് തോന്നിയാല്‍ അനുച്ഛേദം 200 പ്രകാരം നിയമസഭയിലേക്ക് തിരിച്ചയച്ച് പുനഃപരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. ബില്ലുകള്‍ ദീര്‍ഘകാലമായി തടഞ്ഞു വയ്ക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തസത്തയെയാണ് ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തെറ്റായ അഭിപ്രായ പ്രകടനമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഒരു ഭരണപ്രതിസന്ധി കേരളത്തില്‍ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് ഭൂപതിവ് നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുന്നത്. ഭൂമി തരംമാറ്റ അപേക്ഷകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍, ആര്‍ഡിഒക്ക് പുറമേ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് കൂടി അധികാരം നല്‍കുന്ന ഒരു ഭേദഗതിയും കേരള കെട്ടിട നികുതി നിയമ ഭേദഗതിയും നിയമസഭ പാസാക്കിയിരുന്നു. അതും എന്തിന്റെ പേരിലാണ് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ജനങ്ങളേയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണര്‍. മലയോരകര്‍ഷകരുടെ അഭിമാനത്തെയും അവകാശങ്ങളെയും സംരക്ഷിക്കുവാന്‍ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Gov­er­nor has no pow­er to ask gov­ern­ment for clar­i­fi­ca­tion on bill passed by assem­bly: Min­is­ter K Rajan

You may also like this video

Exit mobile version