രാജ്ഭവനെ ബിജെപിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയുള്ള ബിനോയ് വിശ്വം എംപി . സിപിഐ നേതാവും മന്ത്രിയുമായിരുന്ന വി വി രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി രാഷ്ട്രീയത്തിന്റെ വക്താവാകാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ന്യായീകരിക്കുന്നു.
ഇന്ത്യാസഖ്യം ബിജെപി വാഴ്ചയ്ക്കെതിരായുള്ള രാഷ്ട്രീയനീക്കങ്ങൾക്ക് എല്ലാവരെയും കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായി ചങ്ങാത്തം പിടിക്കാൻ ശ്രമിക്കുന്നു. ആ ബിജെപി രാഷ്ട്രീയത്തിന്റെ വക്താവാകാൻ ശ്രമിക്കുന്ന ഗവർണർക്കുവേണ്ടി അവർ വക്കാലത്തു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ സ്വാഗതം പറഞ്ഞു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിലംഗങ്ങളായ കെ പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ജയദേവൻ എന്നിവർ സംസാരിച്ചു. വി എസ് സുനിൽകുമാർ, ഷീല വിജയകുമാർ, രാകേഷ് കണിയാംപറമ്പിൽ, കെ പി സന്ദീപ്, ഷീന പറയങ്ങാട്ടിൽ, എൻ കെ സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, ടി കെ സുധീഷ് എന്നിവർ പങ്കെടുത്തു. ടി പ്രദീപ്കുമാർ നന്ദി പറഞ്ഞു.
തുടർന്ന് സാമ്പത്തിക ഫെഡറലിസം: കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി.
സിപിഐ സംസ്ഥാന കൗൺസിലംഗം വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്, ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ്ജ് ആർ രാജഗോപാൽ, സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ, സിപിഐ ദേശീയ കൗൺസിലംഗങ്ങളായ കെ പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് എന്നിവർ സംസാരിച്ചു. അഡ്വ. ടി ആര്‍ രമേഷ്‍കുമാർ സ്വാഗതവും അഡ്വ. കെ ബി സുമേഷ് നന്ദിയും പറഞ്ഞു.
English Summary: Governor makes Raj Bhavan BJP’s camp office: Binoy Viswam
You may also like this video