Site iconSite icon Janayugom Online

സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ ഗവര്‍ണര്‍ മലക്കം മറിഞ്ഞു

കാലാവധി പൂര്‍ത്തിയാക്കി ‘കാവല്‍ ഗവര്‍ണറാ‘യി തുടരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സംഘ്പരിവാര്‍ അജണ്ടയുമായി രംഗത്ത്. നാളെ കാലാവധി അവസാനിക്കുന്ന, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് ചാന്‍സലറായി ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കി. ഇതിനൊപ്പം കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയിൽ തുടരണമെന്നും ഗവർണർ ഉത്തരവിട്ടു. ആരോ​ഗ്യ സർവകലാശാല വിസി നിയമനത്തിന് ഗവർണർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിച്ചാണ് നടപടി. സെർച്ച് കമ്മിറ്റിയുടെ രൂപീകരണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർക്കാർ നൽകിയ ഹർജിയിലായിരുന്നു കോടതിയിടപെടല്‍. 2019ൽ മൂന്നുപേരുടെ പാനലിൽ നിന്ന് യുജിസി പ്രതിനിധിയുടെ നിർദേശത്തെ തുടർന്നായിരുന്നു മോ​ഹനൻ കുന്നുമ്മലിനെ വിസിയായി ​ഗവർണർ നിയമിച്ചത്. ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഡോ. രാമൻകുട്ടി എന്നിവരെ ഒഴിവാക്കിയായിരുന്നു പട്ടികയിൽ മൂന്നാമതായിരുന്ന മോഹനനെ തിരഞ്ഞെടുത്തത്. 

വിസി പുനര്‍നിയമനത്തെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചിരുന്ന ചാന്‍സലറാണ് അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ആള്‍ക്ക് വീണ്ടും നിയമനം നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ച ഗവര്‍ണര്‍ തന്നെ പിന്നീട് അതിനെതിരെ രംഗത്തുവരികയായിരുന്നു. ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാല്‍ നിയമന കാര്യത്തിൽ സർക്കാർ ഗവർണറെ സ്വാധീനിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ നിയമനം സുപ്രീം കോടതി അസാധുവാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി പുനര്‍നിയമനത്തെ അപരാധമായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയ ഗവര്‍ണര്‍, ആ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത് സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണം ശക്തമായി. സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ അനുകൂലികളെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് പുതിയ തീരുമാനമെന്നാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. 

സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ​ഗവര്‍ണറുടെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. നിയമസഭ തീരുമാനിച്ച ബില്‍ ഒപ്പിടാതെ സുദീര്‍ഘമായി കൈവശം വച്ചിട്ട് പ്രസിഡന്റിന് അയച്ചതാണ് വിസി നിയമനത്തിലെ അനശ്ചിതത്വത്തിനുകാരണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് ചിട്ടയായ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് സ്ഥിരം വൈസ് ചാന്‍സലര്‍ എന്ന ആശയം നടപ്പാക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയില്‍ ബില്‍ പ്രസിഡന്റിന് അയച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മര്യാദകളുടെ ലംഘനം: മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. മുമ്പ് വിസിമാരുടെ പുനർനിയമനം സംബന്ധിച്ച വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടില്‍ നിർത്തിയ ചാൻസലർ ഇപ്പോൾ തന്റെ ഇം​ഗിതത്തിനനുസരിച്ച് നിൽക്കുന്ന വൈസ് ചാൻസലർക്ക് പുനർനിയമനം നൽകി. ഒരിക്കൽ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാൻസലറിൽ നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിർഭാ​ഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. 

ജനാധിപത്യ വിരുദ്ധം: എല്‍ഡിഎഫ്

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലറെ പുനർനിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും അക്കാദമിക് ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതുമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സെനറ്റിലെ നോമിനേഷൻ ഉൾപ്പെടെ സംഘ്പരിവാർ‑യുഡിഎഫ് അനുഭാവികളും പ്രവർത്തകരുമായവരെ തിരുകിക്കയറ്റുന്ന നടപടിയുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. 

Exit mobile version