Site iconSite icon Janayugom Online

ഗവര്‍ണര്‍ സഭയ്ക്കു മീതെയല്ല; വീണ്ടും പാസാക്കി അയച്ചാല്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥന്‍

arif muhammad khanarif muhammad khan

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി. ഒരു ബില്ലിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് ഗവർണർ തീരുമാനിച്ചാൽ, പുനഃപരിശോധനയ്ക്കായി നിയമസഭയ്ക്ക് തിരികെ നൽകണമെന്നും സുപ്രീം കോടതി വ്യക്തത വരുത്തി. ഗവര്‍ണര്‍ പദവിക്ക് ഭരണഘടനാ പരമായ അധികാരങ്ങള്‍ ഉണ്ടെങ്കിലും അത് നിയമസഭയ്ക്ക് മീതെയുള്ളതല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ഒരു ബിൽ പുനഃപരിശോധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കിക്കൊണ്ട് നിയമസഭയ്ക്ക് തിരികെ നല്‍കണം. ഭേദഗതികളോടെയോ അല്ലാതെയോ സഭ വീണ്ടും ബിൽ അംഗീകരിച്ചാൽ ഗവർണർ അനുമതി നൽകാൻ ബാധ്യസ്ഥനായിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാന തലവൻ എന്ന നിലയിൽ ഗവർണർക്ക് നിയമസഭകളുടെ നിയമനിർമ്മാണത്തിന്റെ നടപടികള്‍ തടസപ്പെടുത്താൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഒരു ബില്ലിന്റെ അനുമതി ഗവർണർ തടഞ്ഞുവച്ചതിന് ശേഷമുള്ള അടുത്ത നടപടി എന്തായിരിക്കണമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 200 വ്യക്തമായി പറയുന്നില്ല എന്നതിനാൽ കോടതിയുടെ ഇടപെടലിന് പ്രസക്തിയേറുന്നു.
ആർട്ടിക്കിൾ 200 പ്രകാരം ഗവർണർ അംഗീകാരം നൽകുക, അനുമതി നല്‍കാതിരിക്കുക അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ അയയ്ക്കുക എന്നീ മൂന്ന് നടപടികള്‍ മാത്രമാണ് സ്വീകരിക്കാന്‍ കഴിയുക. 

ബില്ലുകള്‍ അകാരണമായി തടഞ്ഞുവയ്ക്കുന്ന പഞ്ചാബ് ഗവര്‍ണറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ഡി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഈ മാസം പത്തിന് പുറപ്പെടുവിച്ച വിധി പ്രസ്താവം ഇന്നലെയാണ് സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അനുമതിയില്ലാതെ സഭാ സമ്മേളനം ചേര്‍ന്നുവെന്ന വാദം ഉയര്‍ത്തിയാണ് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ബില്ലുകള്‍ തടഞ്ഞുവച്ചത്. വിഷയം സുപ്രീം കോടതിയിലെത്തിയതോടെ ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടിരുന്നു. 

You may also like this video

Exit mobile version