കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരമാധികാരി ചമയുകയാണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് നടന്ന ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ഭരണകൂടം പരിശ്രമിക്കുന്നത്. പണ്ട് കോൺഗ്രസ് പ്രയോഗിച്ച അതേ തന്ത്രമാണ് ഇന്ന് ബിജെപിയും പയറ്റുന്നത്.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടാൻ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണഘടനയെ ദുരുപയോഗിക്കാന്‍ ഗവർണറെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് നരേന്ദ്രമോഡി സർക്കാരും ഗവർണർമാരെ അവരുടെ ചട്ടുകമായി ഉപയോഗിക്കുകയാണ്. രാജ്യത്ത് പ്രതിപക്ഷ സർക്കാരുകളെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നാണ് കേന്ദ്ര ഭരണകൂടം പരിശോധിക്കുന്നത്. വർദ്ധിച്ച പിന്തുണയോടെയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തുടര്‍ച്ചയായി അധികാരത്തിലെത്തിയത്. അതിനെ തകർക്കാൻ ഗവർണർ എന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല. ഗവർണർ പദവി തന്നെ ആവശ്യമില്ലാത്തതാണ്. ഇടതുപക്ഷ സര്‍ക്കരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തരുതെന്ന നയമാണ് കേന്ദ്രഭരണകൂടം ഗവർണറിലൂടെ നടപ്പിലാക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും വിജയിക്കാവുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്. ഇതിൽ വിറളി പൂണ്ടാണ് ബിജെപിയും അവരെ പിന്തുണക്കുന്ന യുഡിഎഫും പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ ശക്തികളും ഒന്നിച്ചാലും ജനപിന്തുണയുള്ള കാലത്തോളം കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Governor of Kerala Grooming the Sovereign: Sathyan Mokeri
You may also like this video