പതിനഞ്ചാം കേരള നിയമസഭയുടെ 10-ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുണ്ടാക്കിയ അസംബന്ധ നാടകം ജനാധിപത്യത്തെയാകെ അവഹേളിക്കുന്നതായി. നയപ്രഖ്യാപനം ഏതാണ്ട് ഒന്നേകാല്‍ മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിൽ നിന്ന് മടങ്ങുകയായിരുന്നു. സ്പീക്കറെ അഭിസംബോധന ചെയ്ത് തുടങ്ങിയ ഗവർണർ പൊടുന്നനെ അവസാന ഖണ്ഡിക വായിച്ച് അവസാനിപ്പിച്ചു. സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അവസാന ഭാഗം. ഇത് ഉറപ്പാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും സമഗ്ര വികസനത്തിനായി പ്രയത്നിക്കണമെന്നും പറഞ്ഞുകൊണ്ട് ഗവർണർ സഭയിൽ നിന്ന് മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് ഗവർണറെ യാത്രയാക്കി. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കറും സഭയൊന്നടങ്കവും അത്ഭുതപ്പെട്ടുവെന്നതും വാസ്തവം. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കാനും മോഡി സര്‍ക്കാരിന്റെ ചരടുവലിക്കനുസരിച്ച് തുള്ളാനും തയ്യാറായി നില്‍ക്കുന്നയാളാണ് ഗവർണർ. പക്ഷേ നാലാംകിട രാഷ്ട്രീയ പ്രതിയോഗിയെപ്പോലെ ഇന്നലെ സഭയില്‍ പെരുമാറിയ അദ്ദേഹം ഭരണഘടനയെയും ജനാധിപത്യത്തെയുമാണ് പരസ്യമായി വെല്ലുവിളിച്ചത്. നയപ്രഖ്യാപനത്തിൽ കേന്ദ്രവിവേചനത്തിലുള്ള വിമർശനം ഉണ്ടായിരുന്നുവെന്നത് സ്വാഭാവികം. അത് സംസ്ഥാന സര്‍ക്കാരിന്റെ നയവും ഫെഡറല്‍ സ്വാതന്ത്ര്യമനുസരിച്ച് അവകാശവുമാണ്. സർക്കാരിന്റെ തലവൻ എന്ന നിലയിൽ സർക്കാരിന്റെ നയം പ്രഖ്യാപിക്കാനുള്ള ഗവർണറുടെ ഉത്തരവാദിത്തം ഭരണഘടനാദത്തമാണ്.
നയത്തില്‍ വിയോജിപ്പുണ്ടെങ്കിലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർ വായിക്കുകയെന്നതാണ് കീഴ്‌വഴക്കം. 2020ൽ പൗരത്വ നിയമത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുണ്ടായിട്ടും കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമടങ്ങുന്ന പ്രസംഗം ഇതേ ഗവർണർ വായിച്ചിരുന്നു. ഭരണഘടനയുടെ 175-ാം അനുച്ഛേദത്തിലാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതിനെപ്പറ്റി പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന സഭയിലും എല്ലാവർഷത്തെയും ആദ്യം ചേരുന്ന സഭയിലുമാണ് ഗവർണർ സഭയിൽ സംസാരിക്കുക. നയപ്രഖ്യാപനം തയ്യാറാക്കി, മന്ത്രിസഭ അംഗീകരിച്ചാണ് ഗവർണർക്ക് അയയ്ക്കുന്നത്. രണ്ടു ദിവസം മുമ്പ് ഗവർണര്‍ക്ക് ഇതെത്തിക്കും. സാധാരണയായി കാര്യമായ മാറ്റം വരുത്താറില്ലെങ്കിലും നിര്‍ദേശങ്ങളോ വിയോജിപ്പോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയുമാവാം. ഇവിടെയാകട്ടെ മാറ്റങ്ങളൊന്നും നിർദേശിക്കാതെ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. എന്നിട്ടും സഭയില്‍ പ്രസംഗം മുഴുവൻ വായിക്കാതെ പച്ചയായ രാഷ്ട്രീയം പ്രകടിപ്പിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും പ്രസംഗം നയപ്രഖ്യാപനമായി രേഖയിലുണ്ടാകുകയും ചെയ്യും. 1969ൽ പശ്ചിമ ബംഗാള്‍ ഗവർണർ ധർമ്മ വിരയാണ് ആദ്യമായി പ്രസംഗം വായിക്കുന്നത് തർക്കവിഷയമാക്കിയത്. രണ്ട് ഖണ്ഡിക ഒഴിവാക്കിയാണ് അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയത്. അജോയ് കുമാർ മുഖർജി മുഖ്യമന്ത്രിയായിരുന്ന ഐക്യമുന്നണി സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനമാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. പിന്നീട് പല സംസ്ഥാനങ്ങളിലും ഇത്തരം വഴിവിട്ട നടപടികള്‍ കേന്ദ്രത്തിന്റെ ചട്ടുകങ്ങളായ ഗവർണർമാരിൽ നിന്നുണ്ടായി. ഇവിടെ പക്ഷേ, ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിക്കുകയാണ് ചെയ്തത്. സഭയിലേക്ക് വന്നതും പോയതും അഹങ്കാരത്തിന്റെ ആള്‍രൂപമായിട്ടും. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. മുഖ്യമന്ത്രി നൽകിയ ബൊക്ക സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നോക്കുക പോലും ചെയ്തില്ല. ‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്നും പ്രതിഷേധമുണ്ടെ‘ന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ‘ഗവർണർ വരുന്നത് കണ്ടു, പോകുന്നതും കണ്ടു.
ഇതുകൂടി വായിക്കൂ: സാമ്പത്തിക അടിയന്തരാവസ്ഥയെന്ന ഗവര്‍ണറുടെ പുതിയ ഭീഷണി
പ്രതിപക്ഷ നിരയിലേക്ക് നോക്കിയത് പോലുമില്ല. ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണ്,’ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെയാണ്. ഇല്ലാത്ത അധികാരം പ്രകടിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ നാണംകെടുന്ന ഗവര്‍ണറെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഒന്നിലേറെ തവണ രൂക്ഷമായി വിമര്‍ശിച്ചതാണ്. ഗവര്‍ണറെന്നാല്‍ രാഷ്ട്രപതിയെ പോലെ അധികാരമുള്ള പദവിയല്ലെന്ന് തമിഴ്‌നാട് ഗവര്‍ണറുടെ നടപടികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെട്ട പദവിയിലുള്ള ആളാണ്. കേന്ദ്ര സർക്കാരിന്റെ ശുപാർശയിലാണ് ഗവർണറെ രാഷ്ട്രപതി നിയമിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ അധികാരം ഗവർണർമാർക്കില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പാസാക്കാതെ പിടിച്ചുവയ്ക്കുന്ന നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ‘വിവേകമുള്ള തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി’ ആരിഫ് മുഹമ്മദ് ഖാനോട് തന്നെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പക്ഷേ എന്നെങ്കിലും വിവേകമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ആരിഫ് മുഹമ്മദ്ഖാന്‍ വീണ്ടുംവീണ്ടും തെളിയിക്കുന്നത്.