Site iconSite icon Janayugom Online

പ്രതിപക്ഷ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ ഗവര്‍ണര്‍ രാജ്

GovernorsGovernors

കേരളമടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഗവര്‍ണര്‍ രാജ്. തമിഴ്‌നാട്, ബംഗാള്‍, തെലങ്കാന, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രത്തിന്റെ പ്രതിപുരുഷന്മാരായ ഗവര്‍ണര്‍മാര്‍ പണിതുടങ്ങിയിരിക്കുന്നത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെതിരെ പച്ചയായ രാഷ്ട്രീയം പറഞ്ഞാണ് സംഘ്പരിവാര്‍ ദാസ്യം കാണിക്കുന്നതെങ്കില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അട്ടിമറിച്ചും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ ദാസ്യപ്പണി.
പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത്മന്നും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക് വഴിമാറി. ജിഎസ്‌ടി, വൈക്കോല്‍ കത്തിക്കല്‍, വൈദ്യുതി സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ നിര്‍ദ്ദിഷ്ട വിധാന്‍ സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 27ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനത്തിന് മുമ്പ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ സമ്മതം എന്നത് ഔപചാരികതയാണ്. ബിസിനസ് അഡ്‌വൈസറി കൗണ്‍സിലും സ്പീക്കറുമാണ് നിയമസഭാ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗവര്‍ണറുടെ നടപടി അസാധാരണമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന വിവാദ ബില്ലില്‍ ഒപ്പു വയ്ക്കാതെ ഗവര്‍ണര്‍ രവീന്ദ്ര നാരായണ രവി രാഷ്ട്രപതിക്ക് അയച്ചതാണ് പുതിയ വിവാദം. ഗവര്‍ണര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും സമാന്തര ഭരണം നടത്തുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. പൊതുവേദികളില്‍ സനാതനധര്‍മ്മത്തെ കുറിച്ച് ഗവര്‍ണര്‍ പ്രസംഗിക്കുന്നതും സര്‍ക്കാരിനെ അലാേസരപ്പെടുത്തുന്നു. ‘ഇന്ത്യ ഭരിക്കുന്നത് ഭരണഘടന അടിസ്ഥാനമാക്കിയാണ് അല്ലാതെ സനാതന്‍ ധര്‍മ്മമോ മനു ധര്‍മ്മമോ അനുസരിച്ചല്ല എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നു.
ഡല്‍ഹിയില്‍ ജല ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനാണ് ഗവര്‍ണര്‍ ഇന്നലെ ഉത്തരവിട്ടത്. നേരത്തെ സര്‍ക്കാരിന്റെ എക്‌സൈസ് നയത്തിലും ഡിടിസി ബസ് വാങ്ങലിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു ഇത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയുള്ള കരുനീക്കങ്ങളായി മാറി. കോവിഡ് കാലത്ത് താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണത്തിലും സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നതായി ആരോപിച്ച് അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) അന്വേഷണത്തിനും അനുമതി നല്‍കി.
ഗവര്‍ണറുമായി പ്രത്യക്ഷ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ അധികാരത്തിലിരുന്നുകൊണ്ട് രാഷ്ട്രീയ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അതു കൈവിട്ട കളിയായി മാറി. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പരസ്യമായി പ്രസ്താവന നടത്തിയതിനാല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നിരുന്നു. 

Eng­lish Sum­ma­ry: Gov­er­nor Raj to weak­en oppo­si­tion governments

You may like this video also

Exit mobile version