രാജ്യവും ലോകവും ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കേരള മാതൃകകൾക്കു പിന്നിൽ ഇടതുപക്ഷത്തിന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവും സമർപ്പണവും നിറയുന്ന മലയാളിത്തമുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപനം. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ ഗവർണർ, നയപ്രഖ്യാപന പ്രസംഗത്തിൽ ഇടതുപക്ഷം ഭദ്രമാക്കിയ കേരള വികസന അടിത്തറയുടെ ഉറപ്പിന് അടിവരയിട്ടു. സംസ്ഥാന സർക്കാർ തീർത്ത വികസന അടിത്തറയിൽ കേരളം അതിവേഗം കുതിക്കുകയാണ്. ഇത് സംസ്ഥാനത്തിന് നിർണായക വർഷമാണ്. 10 വർഷത്തിനിടെ കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റം സമാനതകളില്ലാത്തതാണ്. കേന്ദ്ര സർക്കാർ തുടരുന്ന സാമ്പത്തിക നയങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രൂക്ഷമായി വിമർശിച്ചു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പൂർണമായും അധിഷ്ഠിതമായതും ഗതാഗതക്കുരുക്കില്ലാത്തതും മലിനീകരണരഹിതമായതും മാലിന്യമുക്ത സംവിധാനത്തോടുകൂടിയതും അപകടരഹിതവുമായ സുരക്ഷിതവും ശുചിത്വവുമുള്ള നഗരങ്ങളോടുകൂടിയ നവകേരളമാണ് സർക്കാർ നടപ്പിലാക്കുന്നത്. നഗരവികസന പദ്ധതികളെ ഗതാഗത പദ്ധതികളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സംയോജിത ഏകീകൃത നഗര സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നാവിക അക്കാദമി, കൊച്ചിൻ ഷിപ്പിയാർഡ്, ബ്രഹ്മോസ് എയ്റോസ്പേയ്സ് എന്നിങ്ങനെ ദേശീയ ആസ്തികൾ പ്രയോജനപ്പെടുത്തി ഡിഫൻസ് ആന്റ് ഡെവലപ്മെന്റ് കോറിഡോർ സർക്കാർ ലക്ഷ്യമിടുന്നു. ആഗോള നൈപുണ്യകേന്ദ്രം, എംഎസ്എംഇകൾക്ക് കുറഞ്ഞ പലിശനിരക്കിൽ ധനസഹായം ഉറപ്പാക്കുക, മദർഷിപ്പ് നിർമ്മാണത്തിന് സൗകര്യങ്ങളൊരുക്കുക വിഴിഞ്ഞം പോർട്ടിനെ ഭാരത് മാല പ്രോഗ്രാമുമായും ചരക്ക് നീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കുന്നതിനും സർക്കാർ പദ്ധതി സജ്ജമാക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. 12% വാർഷിക വളർച്ചയോടെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക ഉല്പാദനത്തിന്റെ ഇരട്ടിയിലേറെ നേടി സംസ്ഥാനത്തിന്റെ സമ്പദ്ഘടന ത്വരിതവും വിശാലാടിസ്ഥാനത്തിലുമുള്ള വളർച്ചാഘട്ടത്തിലാണ്.
പുതിയ സിൽവർ ഇക്കോണമി കെട്ടിപ്പടുക്കുന്നതിലൂടെ ജനസംഖ്യാപരമായ മാറ്റത്തെ ഒരു സവിശേഷ അവസരമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു. ക്രമസമാധാന പരിപാലനം കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. കാർഷിക കടാശ്വാസം നല്ല നിലയിൽ നടപ്പാക്കി. നെല്ലിന് ഏറ്റവും ഉയർന്ന താങ്ങുവില നൽകുന്ന സംസ്ഥാനമായി കേരളം മാറി. കുട്ടനാട് പാക്കേജ് രണ്ടാംഘട്ടത്തിനായി 2004 കോടി നൽകി. ഒപ്പം തന്നെ കാർഷിക മേഖലയിൽ എ ഐ സാങ്കേതികവിദ്യ നടപ്പിലാക്കും. ജൈവ കൃഷിക്ക് സംസ്ഥാനം വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച തീരദേശ സംസ്ഥാനമായി കേരളം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളികൾ കൂട്ടുത്തരവാദിത്തവും ഭരണസ്ഥാപന തലങ്ങളിലുടനീളമുള്ള വിവേകപൂർണമായ തീരുമാനവും സഹകരണവും ആവശ്യപ്പെടുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

