പൂർവാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസ്സിലാക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ദേശീയ ബിംബങ്ങളേക്കുറിച്ചും പ്രതീകങ്ങളേക്കുറിച്ചും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഗവർണർ വായിക്കണം. ഭരണഘടന പഠിച്ചാൽ ഗവർണർക്ക് എല്ലാം മനസ്സിലാവും. നിര്‍ഭാഗ്യവശാല്‍ വിവാദങ്ങളിലേക്കുപോകാനുള്ള ആവേശം ഗവര്‍ണര്‍ എല്ലാ ദിവസവും കാണിക്കുകയാണ്. പലപ്പോഴും അദ്ദേഹത്തെ നിയന്ത്രിക്കുന്നത് തന്റെ പൂര്‍വാശ്രമത്തിലെ സ്വയം സേവകനാണ്. സ്വയം സേവകന്റെ ചുറ്റുപാടുകളും ആശയലോകവുമെല്ലാം മാറ്റിവെയ്ക്കാന്‍ ഗവര്‍ണറായിട്ടും അദ്ദേഹത്തിന് സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങളുണ്ടാകുന്നത്. ഭരണഘടനയാണ് വഴികാട്ടിയെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടാല്‍ അദ്ദേഹം നിരന്തരം കുത്തിപ്പൊക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണം. രാജ്ഭവന്റെ ഔദ്യോഗിക വേദികളിൽ ഇന്ത്യയുടേതല്ലാത്ത ഭൂപടം കാണിക്കാൻ പാടില്ല. നിയമപരമായി തന്നെ അത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കുമ്പോള്‍ നിങ്ങള്‍ ജയ് വിളിക്കുന്നത് നിങ്ങള്‍ഡക്കു തന്നെയാണെന്നാണ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്. ആ ഭാരതമാതാവിന്റെ പ്രതീകമായ ദേശീയ പതാകയെയാണ് ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നത്. അതുകൊണ്ടാണ് സിപിഐ കഴിഞ്ഞ ദിവസം ബ്രാഞ്ചുകളില്‍ ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നട്ടത്. അതാണ് രാജ്ഭവനുള്ള ഞങ്ങളുടെ മറുപടി. ഗവര്‍ണര്‍ പദവിയെ നയിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ ആര്‍എസ്എസ് കാര്യലയമാക്കിമാറ്റാന്‍ അനുവദിക്കില്ല. ഇടതു സർക്കാരിന് സംഘർഷം ലക്ഷ്യമല്ല. ഗവർണറുമായി നിലയ്ക്കാത്ത വിവാദം സർക്കാർ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഗവര്‍ണറുടെ ഭീഷണിക്ക് ഇടതുപക്ഷം വഴങ്ങില്ലെന്നും എല്ലാത്തിനേക്കാളും വലിയവര്‍ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

