Site iconSite icon Janayugom Online

ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രിക്കുമെതിരെ ഭീഷണിയും വിമര്‍ശനവും ശക്തമാക്കുന്നതിനിടെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഉത്തര്‍പ്രദേശിലുള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഗവര്‍ണര്‍ തിരിച്ചത്. 18ന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രപതിയെ കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്നലെ ഗവര്‍ണര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതിനെക്കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും മാധ്യമങ്ങള്‍ക്ക് എന്തും വ്യാഖ്യാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

അതേസമയം ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി മുതല്‍ രാജ്ഭവനിലേക്ക് വരേണ്ട എന്ന് പറഞ്ഞത് ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. ദേശവിരുദ്ധ പരാമര്‍ശം സംബന്ധിച്ച വിഷയത്തില്‍ രാജ്ഭവനിലെത്തി വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടതിനെ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗവര്‍ണറുടെ പ്രതികരണമുണ്ടായത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി രാജ്ഭവനില്‍ വരുന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അനുമതിയോടെ വേണം വരാനെന്നും അല്ലാത്തപക്ഷം അനുമതി നല്‍കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് എല്ലായ്പ്പോഴും സ്വാഗതമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ രാജ്ഭവന്‍ പറഞ്ഞു.

Exit mobile version