Site iconSite icon Janayugom Online

കേരള സര്‍വകലാശാല കാമ്പസില്‍ ആര്‍എസ്എസിന്റെ ഭാരതാംബയുമായി ഗവര്‍ണര്‍

കേരള സര്‍വകലാശാല കാമ്പസില്‍ ചട്ടം ലംഘിച്ച് ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി​ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സെനറ്റ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ചാൻസലർ കൂടിയായ ഗവർണർ നടത്തിയ ചട്ടലം​ഘനത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചതോടെ ​സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ പരിപാടിക്ക് ശേഷം പ്രധാന കവാടം ഒഴിവാക്കിയാണ് ഗവര്‍ണര്‍ കാമ്പസ് വിട്ടത്. ഹാളിനുള്ളിൽ പ്രതിഷേധിച്ചവരെ ബിജെപി ​പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇത് പകര്‍ത്തിയ മീഡിയ വൺ ചാനലിലെ കാമറ അസിസ്റ്റന്റ് സജിൻലാലിനെയും മർദിച്ചു. സാരമായി പരിക്കേറ്റ സജിൻ ചികിത്സ തേടി. സര്‍വകലാശാല കവാടത്തില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധമുയര്‍‌ത്തി.

ആർഎസ്‌എസ്‌ അനുകൂല സംഘടനയാണ് പരിപാടിയുടെ സംഘാടകര്‍. മനഃപൂര്‍വം ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രം വേദിയില്‍ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ മാറ്റണമെന്ന് നിര്‍ദേശിച്ചെങ്കിലും സംഘാടകര്‍ തയ്യാറായില്ല. ചിത്രം മാറ്റിയാല്‍ താന്‍ എത്തില്ലെന്ന് ​ഗവര്‍ണര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. ​കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ സദസിലെത്തിയിരുന്നു. പ്രാദേശിക നേതാക്കള്‍ സര്‍വകലാശാലയ്ക്ക് മുമ്പിലും സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തടിച്ചുകൂടി. ഗവര്‍ണര്‍ എത്തിയതോടെ സംഘ്പരിവാർ മുദ്രാവാക്യങ്ങളുമായാണ് വരവേറ്റത്.
സിൻഡിക്കേറ്റിനെ പോലും അറിയിക്കാതെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേരിട്ടുള്ള ഇടപെടലിലാണ് ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് വേദി നല്‍കിയതെന്ന് ആക്ഷേപമുണ്ട്. മത ചിഹ്നങ്ങളും പ്രഭാഷണങ്ങളും ഉണ്ടാവില്ലെന്ന് ഒപ്പിട്ട് നൽകിയ ശേഷമാണ് പരിപാടിക്കായി സെനറ്റ് ഹാൾ വിട്ടുനൽകിയതെന്ന് സർവകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ അറിയിച്ചു. 

സർവകലാശാലയ്ക്കുള്ളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമെത്തിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം. കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് ഗവർണറെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version