ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തോടെ സൗമ്യ വധക്കേസ് വീണ്ടും ചർച്ചയാവുകയാണ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. സൗമ്യ എന്ന പെൺകുട്ടി ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു.
തൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിയിക്കപ്പെട്ടു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഹൈക്കോടതിയും തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിന്യായം ശരിവച്ചു.
കേസിൽ 30 വയസ്സുകാരനായ ഗോവിന്ദച്ചാമി എന്ന ചാർളി ആദ്യം അറസ്റ്റിലായപ്പോൾ, അദ്ദേഹത്തെ മാനസികമായി അസ്വസ്ഥനായ ഒരു യാചകനെന്നും പിന്നീട് ഒരു ചെറിയ കള്ളനെന്നമായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അന്തരിച്ച ക്രിമിനൽ അഭിഭാഷകനായ ബി എ ആളൂർ ഗോവിന്ദച്ചാമിക്കായി വാദിക്കാൻ സുപ്രീം കോടതിയിൽ എങ്ങനെ ഹാജരായി. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ശിക്ഷാ ഇളവ് തേടി സുപ്രീം കോടതിയിൽ എത്തിയപ്പോൾ ഉയർന്ന ചോദ്യം ഇതായിരുന്നു. കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വർഷത്തെ തടവായി സുപ്രീം കോടതി കുറച്ചു. ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കോടതിയിൽ കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം.
ഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ ആണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരങ്ങൾ. ഇതിന് ഉത്തരം തേടി പോയപ്പോൾ വ്യക്തമായത് ഗോവിന്ദച്ചാമിയുടെ നിഗൂഢ ബന്ധങ്ങൾ തന്നെയായിരുന്നു. ട്രെയിൻ കൊള്ളക്കാരുടെ സംഘത്തിലെ ഒരു സുപ്രധാന കണ്ണിയാണ് ഗോവിന്ദച്ചാമിയെന്ന നിഗമനങ്ങളിൽ ആണ് എത്തിച്ചേർന്നത്. ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും ഈ കോടികൾ മറിയുന്ന ഭിക്ഷാടന മാഫിയക്കാരുടെ ഇടപെടൽ കൊണ്ടു തന്നെയാണ്. അഡ്വ. ആളൂരിനൊപ്പം മുംബൈയിൽ നിന്നുള്ള നിയമസഹായം ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിയത് തന്നെ ഈ കണ്ണിയിലേക്ക് വിരൾ ചൂണ്ടുന്നതും ആയിരുന്നു. ട്രെയിനുകളിൽ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചെന്നൈ മുതൽ മുംബൈ പനവേൽ വരെ നീളുന്ന അധോലോക സംഘത്തിന്റെ പിന്തുണ ഗോവിന്ദച്ചാമിക്ക് ലഭിച്ചിരിക്കാം എന്നാണ് നിഗമനങ്ങൾ. ഒരു ക്രിമിനൽ കേസിൽ താൻ 5 ലക്ഷം രൂപ ഈടാക്കുന്നുണ്ടെന്നും തന്റെ കടമ തനിക്ക് മുന്നിൽ വരുന്ന കക്ഷിയെ പ്രതിനിധീകരിക്കുക എന്നതാണെന്നും സുപ്രീകോടതി വിധിക്ക് പിന്നാലെ ആളൂർ പറഞ്ഞിരുന്നു. മൂന്ന് കോടതികളിലും ഗോവിന്ദച്ചാമിക്കായി വാദിച്ചത് ആളൂരായിരുന്നു. മൂന്ന് കോടതികളിലെയും സിറ്റിങ്ങിന്റെ ഫീസ് 15 ലക്ഷം കവിഞ്ഞെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാൻ ആരാണ് സമീപിച്ചതെന്ന ചോദ്യത്തിന് അഭിഭാഷകനായ ആളൂർ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഗോവിന്ദച്ചാമിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ചില ആളുകളുണ്ടെന്നും അദ്ദേഹത്തോടൊപ്പം മറ്റ് കേസുകളിൽ കുറ്റാരോപിതരായ ആളുകൾ തന്നെ സമീപിച്ചിരുന്നെന്നും മാഫിയ ബന്ധം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു ആളൂർ പറഞ്ഞത്. ഒരു കവർച്ച കേസിൽ പ്രതിയായ പൻവേലിലെ ഒരു ഗ്രൂപ്പാണ് തന്നെ നിയമിച്ചതെന്ന് ആളൂർ പറഞ്ഞതായി ഓപ്പൺ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഗ്രൂപ്പിനുവേണ്ടി ആളൂർ മുമ്പ് ഹാജരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രെയിനിലെ കുറ്റവാളികളുടെ കേന്ദ്രം മുംബൈയിലെ പൻവേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകരെ സമീപിച്ചത് പൻവേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നാണു സൂചന. 2011 ജൂണിൽ പൻവേൽ റെയിൽവേ പൊലീസ് ട്രെയിനുകളിൽ മോഷണം നടത്തുന്ന നാലുപേരെ പിടികൂടി. ഗോവിന്ദച്ചാമിയുമായി അടുത്തബന്ധമുണ്ടെന്നു സംശയിക്കുന്ന ചെന്നൈ സ്വദേശികൾ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. പിടിയിലാകുന്ന സംഘാംഗങ്ങൾക്കുവേണ്ടി മികച്ച അഭിഭാഷകരെ എത്തിക്കാൻ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്. ഇതിനായി ചെലവഴിക്കാൻ ആവശ്യത്തിനു പണവും.
പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഗോവിന്ദച്ചാമി പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകൾ. സേലം, പഴനി, ഈറോഡ്, കടലൂർ, തിരുവള്ളൂർ, താമ്പരം എന്നിവിടങ്ങളിലെ കോടതികളിൽനിന്നെല്ലാം വിവിധ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊള്ളയും കൊലപാതകവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിനിൽ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോഴാണ് ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയത്. തമിഴ്‌നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. കരസേനയിൽനിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും മരിച്ചു. ഏകബന്ധുവായി ഉള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാൾ സേലം ജയിലിൽ മോഷണ കേസിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.

