Site iconSite icon Janayugom Online

സമൃദ്ധമായി ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍: മുഖ്യമന്ത്രി

സാധാരണക്കാരന്റെ കീശ കീറാതെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള ഫലപ്രദമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെയര്‍ കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഓണത്തോടനുബന്ധിച്ച് 2.5 ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്റല്‍ അരി, 16,000 ക്വിന്റല്‍ ഉഴുന്ന്, 45,000 ക്വിന്റല്‍ പഞ്ചസാര എന്നിവ ശേഖരിച്ചിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള മുളക് അരക്കിലോയില്‍ നിന്ന് ഒരുകിലോയായി ഉയര്‍ത്തി. ബ്രാൻഡഡ് എംഎഫ്‍സിജി ഉല്പന്നങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 150ലധികം ബ്രാൻഡഡ് ഉല്പന്നങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. ചില കമ്പനികള്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വില കുറച്ച് സപ്ലൈക്കോ വഴി വില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണം ഫെയറില്‍ മാത്രമല്ല ആയിരത്തിലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്. ശബരി ബ്രാൻ‍ഡില്‍ അഞ്ച് പുതിയ ഉല്പന്നങ്ങളും സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ ഓണം സമൃദ്ധമാക്കാൻ സപ്ലൈകോയുടെ ഈ ഇടപെടല്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.
റേഷൻ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ബദല്‍ നയം നടപ്പാക്കിയാണ് കേരളം വേറിട്ടുനില്‍ക്കുന്നത്. റേഷൻ വിതരണം ഇത്രയും സുഗമമായ രീതിയില്‍ നടക്കുന്ന മറ്റൊരു സംസ്ഥാനം ഉണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഭക്ഷ്യമന്ത്രി മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. നെയ്യാറ്റിൻകര ചെറുവാരക്കോണം സ്വദേശി ലീലയ്ക്ക് സാധനങ്ങള്‍ നല്‍കി വില്പന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്ത‍‍ൃകാര്യ കമ്മിഷണര്‍ കെ ഹിമ, സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version